
പത്തനംതിട്ട : അനർട്ട് മുഖേന ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സൗരതേജസ് എന്ന സബ്‌സിഡി പദ്ധതി ആരംഭിച്ചു. രണ്ടു കിലോവാട്ട് മുതൽ മൂന്നു കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനം സബ്‌സിഡിയും മൂന്നു കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 20 ശതമാനം വരെ സബ്‌സിഡിയും ലഭിക്കും.
സൂര്യപ്രകാശത്തിൽ നിന്ന് സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന സംവിധാനമാണ് സൗര മേൽക്കൂര വൈദ്യുതിനിലയം. ഇത്തരം സൗരവൈദ്യുത നിലയങ്ങളെ നിലവിലുള്ള സംസ്ഥാന വൈദ്യുതിവിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവസ്ഥാപിക്കുന്ന കെട്ടിടത്തിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതിശൃംഖലയിലേക്ക് നൽകുന്നതിനും കഴിയുന്നു. ഉല്പാദിപ്പിച്ചു സംസ്ഥാന ശൃംഖലയിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലിൽ കുറവ് ചെയ്തുകിട്ടും.
അനർട്ടിന്റെ http://www.buymysun.com/SouraThejas എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
രജിസ്‌ട്രേഷൻ മുൻഗണനാക്രമത്തിൽ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് അനർട്ട് ജില്ലാഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04682224096, 9188119403.