1
പോസ്റ്റ് നിലനിർത്തി നിർമിച്ചിരിക്കുന്ന ഓട

പെരിങ്ങനാട് : ഓടയ്ക്കുള്ളിൽ പോസ്റ്റ് നിലനിറുത്തി റോഡ് നവീകരണം !. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലമേക്കര - ചാല റോഡിന്റെ ഒരുവശത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റാണ് മാറ്റാത്തത്. നവീകരണം നടക്കുന്ന എട്ട് കിലോമീറ്റർ ദൂരം വരെയും പോസ്റ്റ് ഓടയ്ക്കുള്ളിലാക്കിയാണ് നിർമ്മാണം. ഇതുമൂലം ഓടയിലെ മാലിന്യങ്ങൾ പോസ്റ്റിൽ തങ്ങിക്കിടന്ന് വെള്ളമൊഴുക്ക് തടസപ്പെടും. 28 കോടി രൂപ ചെലവിട്ട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഇരുവശവും ഓട നിർമ്മിക്കുന്ന പദ്ധതിയാണ്. ഓട പണി പൂർത്തിയായി. ഇവിടത്തെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് എസ്റ്റിമേറ്റ് ഉൾപ്പടെയുള്ളവ തയ്യാറാക്കിയപ്പോൾ പോസ്റ്റ് മാറ്റാൻ നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ വാർഡ് അംഗം ദിവ്യ അനീഷ് വിളിച്ച യോഗത്തിൽ പോസ്റ്റ് മാറ്റിയിടാൻ ഫണ്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ഇപ്പോൾ പോസ്റ്റ് മാറ്റാമെന്ന് അധികൃതർ പറയുന്നുണ്ട്. 2023 ജനുവരിയിൽ റോഡ് പണി പൂർത്തീക്കണമെന്നാണ് കരാർ.