ചെങ്ങന്നൂർ: നിയമത്തിന്റെ ചട്ടകൂടിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സർക്കാരാണ് ചെങ്ങന്നൂർ നഗരസഭയെന്ന് മന്ത്രി സജി ചെറിയാൻ ഓർമ്മിക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ, സെക്രട്ടറി റിജോ ജോൺ ജോർജ് എന്നിവർ പറഞ്ഞു. വരട്ടാറിൽ മണ്ണ് ഖനനം ചെയ്യുന്നതിനല്ല ചെയ്യുന്ന രീതിയെയാണ് നഗരസഭ എതിർക്കുന്നത്. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ നഗരസഭയ്ക്ക് മന്ത്രിയുടെ അനുമതി വേണ്ട. നിയമ വിരുദ്ധ നടപടിയെന്നു കണ്ടു കൊണ്ടാണ് കോടതിയെ സമീപിക്കാൻ കൗൺസിൽ കക്ഷി രഷ്ട്രീയത്തിന് അതീതമായി ഐക്യകണ്‌ഠേന തീരുമാനം എടുത്തത്. ആദി പമ്പ, വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഫലപ്രഥമായി നടപ്പിലാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ലഭിക്കും. നഗരസഭയ നോക്കുകുത്തിയാക്കി അശാസ്ത്രീയമായ പ്രവർത്തനങ്ങളിലുടെ മണൽക്കൊള്ള നടത്താനാണ് ശ്രമമെങ്കിൽ നഗരസഭ കൗൺസിൽ കൈയ്യും കെട്ടി നോക്കി ഇരിക്കില്ല. നഗരസഭയുടെ ഏതു വികസന- ജനക്ഷേമ പ്രവർത്തനങ്ങൾ തുടക്കം മുതൽ തുരങ്കം വെയ്ക്കുന്ന മന്ത്രി വരട്ടാർ വിഷയത്തിലും അതേ നിലപാടാണ് സ്വീകരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്ന നിലയിൽ ചെങ്ങന്നൂർ നഗരസഭയ്ക്ക് ലഭിക്കേണ്ടവരുമാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. നഗരസഭയ്ക്ക് വരുമാനം ലഭിക്കാൻ പാടില്ല എന്ന മന്ത്രിയുടെ നിലപാടിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് വ്യക്തമാണെന്നും ഷിബുരാജനും റിജോ ജോൺ ജോർജും പറഞ്ഞു.