ghoshayathra
പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ജൻമദിന മഹോൽസവത്തോടനുബന്ധിച്ച് നടന്ന ഭക്തി ഘോഷയാത്ര സഭാപ്രസിഡൻ്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : പൊയ്കയിൽ കുമാരഗുരുദേവന്റെ 144 -ാമത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ചു പി.ആർ.ഡി.എസ് ഭക്തിഘോഷയാത്ര സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഇരവിപേരൂർ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് നടന്ന ഘോഷയാത്രയിൽ ശുഭ്രവസ്ത്രധാരികളായി നൂറുകണക്കിനാളുകൾ അണിനിരന്നു. സഭാപ്രസിഡന്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ശ്രീകുമാര ഗുരുദേവൻ, ദിവ്യമാതാവ്, ആചാര്യഗുരു, വാഴ്ചയിൻ അധിപൻ, ളേച്ചി മാതാവ് എന്നിവരുടെ ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ടുള്ള അഞ്ചുഗജവീരൻമാരുടെ അകമ്പടിയോടെ രണ്ടുനിരയായാണ് ഘോഷയാത്ര കടന്നുപോയത്. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. സഭാ വൈസ് പ്രസിഡന്റ ഡോ.പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറിമാരായ സി.സി.കുട്ടപ്പൻ, സി.സത്യകുമാർ, ജോ.സെക്രട്ടറി പി.രാജാറാം, ട്രഷറർ സി.എൻ.തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങൾ, ഗുരുകുലസമിതി അംഗങ്ങൾ, മഹിളാസമാജം, യുവജനസംഘം ഭാരവാഹികൾ, കുമാരദാസസംഘം, ആചാര്യകലാക്ഷേത്രം കേന്ദ്ര ഭാരവാഹികൾ, എംപ്ളോയ്സ് ഫോറം ഭാരവാഹികൾ, ഉപദേഷ്ടാ പ്രതിനിധികൾ, എട്ടുകര സമിതി, വിവിധ സബ്കമ്മിറ്റി ഭാരവാഹികൾ എന്നീ ക്രമത്തിൽ ഘോഷയാത്രയിൽ അണിചേർന്നു. സഭയുടെ നീലപതാകയേന്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഭക്ത്യാദരപൂർവ്വം നടന്ന ഘോഷയാത്ര വിശുദ്ധമണ്ഡപത്തിലെത്തി സ്വീകരണ പ്രാർത്ഥന നടത്തി.