shahida

പത്തനംതിട്ട : കുടുംബങ്ങളിൽ ദമ്പതികൾ തമ്മിലും മക്കളുമായും സ്വാഭാവികമായ ആശയ വിനിമയം നടക്കാത്തത് കുടുംബബന്ധങ്ങളെ ഉലയ്ക്കുന്നുവെന്ന് വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാൽ. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാ സിറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു അവർ. ഒരേവീട്ടിൽ പരസ്പരം സംസാരിക്കാതെ തെറ്റിദ്ധാരണയിൽ കഴിയുന്നത് മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്നും ഷാഹിദാ കമാൽ പറഞ്ഞു. കമ്മിഷൻ സിറ്റിങ്ങിൽ പരിഗണിച്ച നാല് പരാതികളിൽ രണ്ട് കുടുംബങ്ങളെ കമ്മിഷൻ കൂട്ടിയോജിപ്പിച്ചു. മറ്റുരണ്ട് കുടുംബങ്ങളെ കൗൺസലിങ്ങിന് വിധേയരാകാൻ നിർദ്ദേശം നൽകി.

പരിഗണിച്ച 98 പരാതികളിൽ 43 എണ്ണം തീർപ്പായി. മൂന്ന് പരാതികൾ റിപ്പോർട്ടിനായി അയച്ചു. കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 52 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി.