
മാരാമൺ : മതത്തിന്റെ മതിലുകൾക്കപ്പുറത്തെ മനുഷ്യനെ കാണണമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യർ നിങ്ങൾക്ക് ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുക എന്നതാണ് എക്യുമെനിസത്തിന്റെ പ്രധാന സന്ദേശം.
നിയമത്തിൽ മാത്രം അധിഷ്ഠിതമായ ഒരു കാലഘട്ടത്തിൽ നിന്ന് സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ജീവിതക്രമമാണ് ഈശോയിലൂടെ ലോകത്തിനു ലഭിച്ചതെന്ന് കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി. ഈശോയുടെ ഗിരിപ്രഭാഷണങ്ങൾ ആകമാനം സ്‌നേഹത്തിന്റെ സന്ദേശങ്ങളാണ്. സ്‌നേഹത്തിലധിഷ്ഠിതമായ ജീവിതക്രമത്തിൽ വിശ്വസിക്കുമ്പോൾ എല്ലാമനുഷ്യരിലും സഹോദരനെ കാണണം. അവിടെ മനുഷ്യന്റെ ജാതിയോ മതമോ വർഗമോ വർണമോ വ്യത്യാസമില്ല.
കൽക്കത്തയുടെ തെരുവോരങ്ങളിൽ വീണുകിടന്നവനെ താങ്ങിയെടുത്ത മദർ തെരേസ നൽകിയ മാതൃകയാണ് സ്‌നേഹത്തിന്റെ മാർഗം. ഭാരതത്തിന്റെ സംസ്‌കാരമായി ഇതു മാറിക്കഴിഞ്ഞു. ക്ഷമ, സ്‌നേഹം, ദയ എന്നിവകൊണ്ടാണ് നമുക്കത് സാദ്ധ്യമാകുന്നത്. പരസ്പര ബഹുമാനത്തിനു തടസം നിൽക്കുന്നത് സ്വാർത്ഥതയാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
ഡോ.ആസിർ എബനേസർ മുഖ്യപ്രഭാഷണം നടത്തി. കൽദായ ബിഷപ് മാർ ഔഗേൻ കുര്യാക്കോസ് പ്രസംഗിച്ചു. കെ.സി.സി പ്രസിഡന്റ് ബിഷപ് ഉമ്മൻ ജോർജ്, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, കെ.ബി.ഗണേഷ് കുമാർ എം.എൽ.എ, മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി, മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത്, കേരള കോൺഗ്രസ് ബി ജില്ലാപ്രസിഡന്റ് പി.കെ.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.