
പത്തനംതിട്ട : ജില്ലാ ആശുപത്രിക്ക് 30.35 കോടി ഉൾപ്പെടെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായി 79.31 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി മന്ത്രി വീണാജോർജ് അറിയിച്ചു. കോഴഞ്ചേരി ജില്ലാആശുപത്രി 30.35, കോന്നി മെഡിക്കൽ കോളേജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂർ ജനറൽ ആശുപത്രി 14.64 കോടി എന്നീ ആശുപത്രികളിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാആശുപത്രിയിൽ പുതിയ ബ്ലോക്കിൽ ഗ്രൗണ്ട് ഫ്‌ളോറിൽ കാഷ്വാലിറ്റി, ലാബ് , എക്‌സറേ , സി.റ്റി സ്‌കാൻ, ആർട്ടിഫിഷ്യൽ ലിംഫ് സെന്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഫസ്റ്റ് ഫ്‌ളോറിൽ എല്ലാ ഒ.പികളും, പാലീയേറ്റീവ് കെയർ യൂണിറ്റ് , കോൺഫറൻസ് ഹാൾ, സെക്കന്റ് ഫ്‌ളോറിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീനും പുതിയ ബ്ലോക്കിന്റെ ബേസ്‌മെന്റിൽ പാർക്കിംഗ് സൗകര്യവും ഒരുക്കും. കോന്നി മെഡിക്കൽ കോളേജിൽ പ്രീ ആൻഡ് പാരാക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ , മെഡിക്കൽ ഗ്യാസ് പൈപ്പ്‌ലൈൻ, ലേബർ തീയറ്റർ, ബ്ലഡ് ബാങ്ക് , ഗൈനക്കോളജി തീയറ്റർ, അക്കാഡമിക് ബ്ലോക്ക് എന്നിവയ്ക്കാവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും ക്രമീകരിക്കാനാണ് തുകയനുവദിച്ചത്. തുക ലഭ്യമായാൽ നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നേരത്തെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടത്തിന് ഭരണാനുമതി നൽകിയിരുന്നു.