പന്തളം: ബൈക്കിലെത്തി മാല പറിക്കുന്നയാൾ പന്തളത്ത് സ്വൈര വിഹാരം നടത്തുന്നു. ഇന്നലെയും ഒരു സ്ത്രിയുടെ മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. തോന്നല്ലൂർ ഉഷസ് താര വീട്ടിൽ ഉഷാദേവി(65)യുടെ കഴുത്തിൽകിടന്ന മൂന്നു പവൻ മാലയാണ് മോഷ്ടിച്ചത്. മൂർത്തി അയ്യത്ത്ചുടലമുക്ക് റോഡരികിലുള്ള വീടിന്റെ മുന്നിൽ നിൽക്കയായിരുന്നു ഉഷാദേവി. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് ഇയാൾ മാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞ 3 ന് പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളേജിലെ പാർട്ട് ടൈം ജീവനക്കാരി കടയ്ക്കാട് തെക്ക് അനീഷ് ഭവനിൽ തങ്കമണി(54) യുടെ മാലയും ഇതേപോലെ നഷ്ടപ്പെട്ടിരുന്നു.
തിങ്കളാഴ്ച തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീക്ഷേത്ര കാണിക്കവഞ്ചിക്കു സമീപത്തും ഇതേ പോലെ മാല കവരാൻ ശ്രമം നടന്നിരുന്നു. വഞ്ചിക്കു സമീപമുള്ള റോഡിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ അദ്ധ്യാപികയുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയത്. എം.സി.റോഡിൽ നിന്ന് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് അദ്ധ്യാപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചാണു മാല പൊട്ടിക്കാൻ ശ്രമിച്ചത്. മാല നഷ്ടപ്പെട്ടില്ലെങ്കിലും കഴുത്തിന് സാരമായി പരിക്കേറ്റു.
മൂന്നു കേസുകളിലും ഒരാൾ തന്നെയാണ് പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം.സി.ഐ എസ് ശ്രീകുമാർ , എസ്.ഐ.ബി.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു