 
കടമ്പനാട് : ജലസമൃദ്ധമായ നെല്ലിവേലിൽ ചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. കടമ്പനാട് പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് ചിറ . കടുത്ത വേനലിലും വറ്റാറില്ല. രണ്ടേക്കറിലധികം വരുന്ന സ്ഥലത്തുള്ള ചിറയിൽ കിണർ സ്ഥാപിച്ച് കുടിവെള്ള വിതരണ പദ്ധതിക്ക് ഉപയോഗിക്കാം. ചുറ്റുമുള്ള ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം ഏർപ്പെടുത്തിയാൽ ഏത് വേനലിലും കൃഷി ചെയ്യാം. പക്ഷേ നടപടിയില്ല. ചിറയുടെ വശങ്ങൾ കെട്ടി സംരക്ഷിച്ചത് കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്താൻ നിലവിലുണ്ടായിരുന്ന സംവിധാനങ്ങൾ സാമുഹ്യവിരുദ്ധർ നശിപ്പിച്ചു. ചിറയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ വലിച്ചെറിയുന്നു. ചിറയ്ക്കു ചുറ്റുമുള്ള നടപ്പാത നവീകരിക്കണമെന്നും നീന്തൽ സ്റ്റേഡിയം . ഉല്ലാസ കേന്ദ്രം, പാർക്ക് , ഗാർഡൻ , തുടങ്ങിയവ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.