hospital

അടൂർ : കിഫ്ബി ഡയറക്ടർ ബോർഡിൽ നിന്ന് 14.54 കോടി രൂപ അനുവദിച്ചതോടെ അടൂർ ജനറൽ ആശുപത്രിയുടെ വികസനത്തിന് വീണ്ടും വഴിയൊരുങ്ങി. അടിക്കടി വികസന പ്രവർത്തനങ്ങൾ നടന്നുവരുന്ന ജനറൽ ആശുപത്രിയിൽ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം. അനുവദിച്ച ഫണ്ട് വിനിയോഗിച്ച് അത്യാധുനിക ഒ.പി ബ്ളോക്കിനായി ബഹുനില മന്ദിരം നിർമ്മിക്കുന്നതോടെ സ്ഥലപരിമിതി ഒരുപരിധിവരെ മറികടക്കാനാകും.

നിലവിൽ കെ.എച്ച്.ആർ.ഡബ്ളിയു.എസിന്റെ പേവാർഡ് നിലനിൽക്കുന്ന സ്ഥലത്താകും പുതിയ ബഹുനിലമന്ദിരം ഉയരുക. ഇത് സംബന്ധിച്ച് വിശദമായ രൂപരേഖ നേരത്തെ ആരോഗ്യവകുപ്പിനും കിഫ്ബി ബോർഡിനും സമർപ്പിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ ചെയർമാൻ ഡി.സജി എന്നിവരുടെ ശ്രമഫലമായാണ് പുതിയ പദ്ധതിക്ക് രൂപംനൽകിയത്. കഴിഞ്ഞദിവസം ജില്ലയിലെ വിവിധ ആശുപത്രികളുടെ വികസനത്തിനായി 79.31 കോടിരൂപ അനുവദിച്ചതിലാണ് അടൂർ ജനറൽ ആശുപത്രിയുടെ വികസനത്തിനും 14.54 കോടി രൂപ വകയിരുത്തിയത്. നിലവിലുള്ള ബഹുനിലമന്ദിരത്തിലാണ് ഒ. പി വിഭാഗവും ഐ.പി, ഒാപ്പറേഷൻ തീയറ്റർ, ലാബ് എന്നിവയും പ്രവർത്തിക്കുന്നത്. കെ.പി റോഡും എം.സി റോഡും സംഗമിക്കുന്ന പ്രധാനനഗരം എന്നനിലയിൽ നൂറ് കണക്കിന് രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്.

പുതിയ ഒ.പി ബ്ളോക്ക്

അടിസ്ഥാനം അഞ്ച് നിലയ്ക്ക്

തുടക്കത്തിൽ നിർമ്മിക്കുന്നത് മൂന്ന് നില.

സെല്ലാറിൽ വാഹന പാർക്കിംഗ്

ഒന്നാംനിലയിൽ : ലാബ്, എക്സ് റേ യൂണിറ്റ്,അൾട്രാസൗണ്ട് സ്കാൻ യൂണിറ്റ്, ഇ.സി. ജി.

രണ്ടാംനിലയിൽ : പി. പി യൂണിറ്റ്, കൗമാര സൗഹൃദകേന്ദ്രം, പി. പി യൂണിറ്റ് ഒ.പി, ഡെന്റൽ ഒ.പി.

മൂന്നാംനിലയിൽ : പീഡിയാട്രിക് ഒ. പി, ഫിസിയോതെറാപ്പി യൂണിറ്റ്, കോൺഫ്രൻസ് ഹാൾ, സ്റ്റാഫ് റൂം, ടെലിമെഡിസിൻ സംവിധാനം.

പുതിയ ബഹുനിലമന്ദിരം നിർമ്മിക്കുന്നതോടെ ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതിനാൽ ഫണ്ട് വിനിയോഗിച്ചുള്ള ടെൻഡർ നടപടികളും നിർമ്മാണവും എത്രയും വേഗം ആരംഭിക്കും.

ചിറ്റയം ഗോപകുമാർ,ഡെപ്യൂട്ടി സ്പീക്കർ

കെ.എച്ച്.ആർ.ഡബ്ളിയു.എസിന്റെ പേവാർഡ് പൊളിച്ചു നീക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കും. സെപ്ഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്.

ഡി.സജി,

ചെയർമാൻ, അടൂർ നഗരസഭ