ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവന പദ്ധതിക്ക് തുരങ്കവയ്ക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ ഭാവി തലമുറയോടു കാട്ടുന്നത് കടുത്ത അനീതിയാണെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പറഞ്ഞു. നാലു പതിറ്റാണ്ടിലേറെ ഒഴുക്കു നിലച്ച വരട്ടാറിന്റെ പുനരുജ്ജീവനം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചതാണ്.
പമ്പയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന വരട്ടാർ ഇരുനദികളിലെയും വെള്ളപ്പൊക്ക നിയന്ത്രണത്തിനുള്ള സ്വാഭാവിക ജലനിർഗമന മാർഗമാണ്. ആളുകൾ തീരം കൈയേറി കൃഷികളും ടാറിട്ട വഴികളും വീടുകളുമെല്ലാം വന്നു. വൻതോതിൽ മണൽവാരലും നടന്നു. 2017ൽ എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും രാഷ്ട്രീയ സന്നദ്ധ സംഘടനകളും ഹരിതകേരള മിഷനുമെല്ലാം കൈകോർത്താണ് പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിപ്പിച്ചത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ചതോടെ പുഴ വീണ്ടും ഒഴുകി. എന്നാൽ 2018ലെ പ്രളയത്തിൽ മണ്ണൊലിച്ച് ആറിന്റെ ചില ഭാഗങ്ങളിൽ ഒഴുക്കിനു തടസമായി. ഇതിനെ തുടർന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥതല അവലോകന യോഗങ്ങൾ നടത്തിയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. പദ്ധതി ആരംഭിച്ചപ്പോൾ തന്നെ യു.ഡി.എഫ് ജനപ്രതിനിധി കളുടെ നേതൃത്വത്തിൽ മംഗലം, ഇടനാട് ഭാഗങ്ങളിൽ വ്യാജ പ്രചരണങ്ങൾ ആരംഭിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ വിലയിൽ മേന്മയേറിയ മണൽ ലഭിക്കുന്ന അവസരം ഉണ്ടാകുന്ന സാഹചര്യം തകർത്ത് മണൽ കൊള്ളയ്ക്കുള്ള അവസരമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് സി.പി.എം ആരോപിച്ചു.