പ്രമാടം : ശുദ്ധജലക്ഷാമം രൂക്ഷമായ പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. പൂങ്കാവ് മാർക്കറ്റിന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്താണ് ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. കോളനികൾ ഉൾപ്പടെ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥ മൂലം ലിറ്റർ കണക്കിന് വെള്ളം ദിവസേന പാഴാകുന്നത്. വ്യാപാരികളും ഉപഭോക്താക്കളും ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തിലും ജല അതോറിറ്റിയിലും പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമാണ് പൂങ്കാവ്. നിരവധി സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരികളും കോളനി നിവാസികൾ ഉൾപ്പടെയുള്ള ഭൂരിഭാഗം ജനങ്ങളും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് പൂങ്കാവിൽ കുടിവെള്ളം എത്തിക്കുന്നത്. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഈ പ്രദേശങ്ങളിൽ വെള്ളം ലഭ്യമാകുന്നത്.
ആഴ്ചകളായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനാൽ സമീപത്തെ തണൽ മരങ്ങളും അപകടാവസ്ഥയിലാണ്. പമ്പിംഗ് സമയങ്ങളിൽ കുത്തിയൊലിക്കുന്ന വെള്ളം തണൽ മരങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ആഴ്ചകളായി വെള്ളം ഒഴുകുന്നതിനാൽ
മരങ്ങൾക്കടിയിലെ മണ്ണ് നഷ്ടപ്പെട്ടിരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.