പന്തളം: വഴിവിളക്ക് അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും പദ്ധതി വിഹിതം ചിലവഴിക്കുന്നതിലെ സ്തംഭനാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്‌.ഐ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ബി.ഹർഷകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. വലിയ വികസന വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ പറ്റിച്ചാണ് ബി.ജെ.പി പന്തളം നഗരസഭയിൽ അധികാരം നേടിയത്. എന്നാൽ ഭരണത്തിനു പകരം നഗരസഭാദ്ധ്യക്ഷയുടെ കസേരയ്ക്കു വേണ്ടി ഭരണ സമിതിയംഗങ്ങൾ തമ്മിൽ പരസ്പരം കടിപിടിയാണ് നടക്കുന്നത്. ഇതു പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സ്തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതു മൂലം ജനങ്ങൾക്കു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിലവാരം കുറഞ്ഞ വഴിവിളക്കുകൾ വാങ്ങിയതിലും വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതു വിജിലൻസ് അന്വേഷിക്കണം. സമസ്ത മേഖലയിലും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്ന നഗരസഭാ ഭരണ സമിതി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ.സി.അബീഷ്, വൈസ് പ്രസിഡന്റ് ഷാനവാസ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ എന്നിവർ പ്രസംഗിച്ചു. വി.പി.രാജേശ്വരൻ നായർ,കൗൺസിലർമാരായ ടി.കെ.സതി, രാജേഷ്, അരുൺ, അജിതകുമാരി, ഷെഫിൽ റജീബ് ഖാൻ ,സക്കിർ ,നവാസ് ,അരുൺ, ഉദയൻഎന്നിവർ നേതൃത്വം നൽകി. നഗരം ചുറ്റി പ്രകടനമായെത്തിയാണ് നഗരസഭാ കാര്യാലയത്തിനു മുമ്പിൽ പ്രതിഷേധയോഗം നടത്തിയത്.