അടൂർ : നവീകരണം നടക്കുന്ന മലമേക്കര - ചാല റോഡിൽ ഓടയോട് ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ വൈദ്യുതി ബോർഡ് സ്വീകരിക്കും. പ്രദേശത്തെ വീടുകളിൽ വൈദ്യുതി മുടങ്ങാതിരിക്കാനും റോഡിന്റെയും ഒാടകളുടെയും പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമാണ് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് ഒാടപണികളുമായി മുന്നോട്ടുനിങ്ങിയതെന്ന് കരാറുകാരൻ അറിയിച്ചു. പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തും. ഒാടകളുടെ പണികൾ പൂർത്തീകരിച്ചശേഷമേ റോഡിന്റെ ടാറിംഗ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കാൻ കഴിയൂ.അതിനാലാണ് ഒാടയുടെ പണി വേഗത്തിലാക്കിയത്. യാഥാർത്ഥ്യം ഇതാണെന്നിരിക്കെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നിർമ്മാണപ്രവർത്തനങ്ങളെ അവഹേളിക്കുംവിധം വാർത്തകൾ പ്രചരിക്കുന്നതെന്ന് കരാറുകാരൻ ചൂണ്ടിക്കാട്ടി.