പത്തനംതിട്ട: പട്ടികജാതി- വർഗ സ്‌പെഷൽ റിക്രൂട്ട്‌മെന്റ് സെൽ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ദളിത് സമുദായ മുന്നണിയുടെ കളക്ടറേറ്റ് മാർച്ചും ധർണയും നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായാണ് ജില്ലകളിൽ കളക്ടറേറ്റ് മാർച്ച് നടത്തുന്നത്. സ്‌പെഷൽ റിക്രൂട്ട്‌മെന്റ് സെൽ സ്വതന്ത്ര സംവിധാനമാക്കുക എല്ലാ മേഖലകളിലും കേഡർ സംവരണം നടപ്പിലാക്കുക, സംവരണ സംരക്ഷണ നിയമം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.
ജനറൽ സെക്രട്ടറി പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആദിവാസി ഐക്യമുന്നണി പ്രസിഡന്റ് ചിത്ര നിലമ്പൂർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റിയംഗം മേലൂട് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
ഭാരവാഹികളായ പി.എ. പ്രസാദ്, സംസ്ഥാന സെക്രട്ടറി ബിജോയ് ഡേവിഡ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മേലൂട് ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് വി.പി. ഗോപി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.