 
അടൂർ : സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനു കീഴിലുള്ള ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ. ആർ.സി) പദ്ധതി സ്മാർട്ട്-40 ത്രിദിന ക്യാമ്പ് നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ നേരിടുന്ന സാമൂഹിക മാനസിക പഠന വൈകാരിക വെല്ലുവിളികളെ മുൻകൂട്ടി കണ്ടെത്തി അവരെ സ്മാർട്ടാക്കുവാൻ ഈ ക്യാമ്പിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് സാം ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ നീതാ ദാസ്, സ്കൂൾ പ്രിൻസിപ്പൽ അഷറഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് സുകുമാരൻ, ഒ.ആർ.സി.പ്രോജക്ട് അസിസ്റ്റന്റ് അഷിത ജെ. നായർ, ഒ.ആർ.സി.നോഡൽ ടീച്ചർ സന്തോഷ് റാണി എന്നിവർ സംസാരിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് ഒ.ആർ.സി. ട്രെയിനർമാരായ വിനോദ് മുളമ്പുഴ, ലിബിൻ കുഞ്ഞുമോൻ, ഉമാദേവി, ഡോ.ഉദയചന്ദ്രൻ തമ്പി എന്നിവർ നേതൃത്വം നൽകുന്നു.ക്യാമ്പ് ഇന്ന് സമാപിക്കും.