18-thruchittattu
തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ സംഘകാലത്തെ നിർമ്മിതി എന്ന് കരുതുന്ന തൂമ്പും, തൃച്ചിറ്റാറ്റ് ക്ഷേത്രവും

ചെങ്ങന്നൂർ: പഞ്ചപാണ്ടവ ക്ഷേത്രങ്ങളിൽ പ്രധാനമായ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ തീർത്ഥകുളം (ശംഖ് തീർത്ഥീ) നവീകരിക്കുന്നതിനിടെ അതിപുരാതനമായ തൂമ്പ് (ജല നിർഗമന മാർഗം) കണ്ടെത്തി. ഇത് സംഘകാലത്തെ നിർമ്മിതിയെന്നാണ് കരുതുന്നത്. പൂർവകാലത്ത് കുളത്തിലെ ജലം ശുദ്ധീകരിക്കുന്നതിനായി തിരുച്ചിറ്റാറിൽ
നിന്നും (ഇപ്പോഴത്തെ ഇല്ലിമല തോടുമായി) ബന്ധിപ്പിച്ചിരുന്നതായിരുന്നു ഈ തൂമ്പ് എന്ന് കരുതപ്പെടുന്നു.
നൂറ്റാണ്ടുകൾക്കു മുൻപ് തിരുച്ചിറ്റാർ എന്ന പേരോടു കൂടിയ ആറ് ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകിയിരുന്നു. ഈ ആറിന്റെ പേരിലായിരുന്നു ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പിന്നീടാണ് അത് തൃച്ചിറ്റാറ്റ് എന്നറിയപെട്ടു തുടങ്ങിയത്. തിരുച്ചിറ്റാറിൽ നിന്ന് തൂമ്പു വഴി എത്തുന്ന ജലം തീർത്ഥക്കുളത്തിലേക്കും അവിടെ നിന്ന് പാത്രക്കുളം എന്നു പേരുള്ള നീർത്തടത്തിലേക്കും എത്തിയിരുന്നു. പിന്നീട് ഇല്ലിമല തോട്ടിലേക്കും ഈ ജലം ഒഴുകിയിരുന്നതായാണ് ചരിത്ര രേഖകളിൽ പറയുന്നത്. ഇതു സംബന്ധിച്ച് വിശദാംശങ്ങൾ 8ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ്കവി 'നമ്മാൾവാർ' തിരുമൊഴികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് തീർത്ഥകുളത്തിൽ നിന്ന് ഒഴുകി എത്തിയിരുന്ന ജലം മുതവഴി, പാണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലെ കാർഷിക മേഖലകളിലേക്ക് പ്രയോജനപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. ഈ പ്രദേശത്തെ ജല നിർഗമനമാർഗമായിരുന്നു തീർത്ഥക്കുളം. ചരിത്ര രേഖകളിൽ ഇടം പിടിച്ച പാത്രക്കുളം പിൽക്കാലത്ത് കൈയേറ്റം മൂലം ഇല്ലാതായി. അതേസമയം ചരിത്രത്തിന്റെ അവശേഷിപ്പുകളായ അതിപുരാതനമായ ഇപ്പോൾ കണ്ടെത്തിയ തൂമ്പ് സംരക്ഷിക്കപ്പെടണമെന്നാണ് ക്ഷേത്ര ഭാരവാഹികൾ അഭിപ്രായപ്പെടുന്നത്. തൂമ്പിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിർണയിക്കാനായി പുരാവസ്തു വകുപ്പിന് കൈമാറുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധുസൂദനൻ സോപാനം, സെക്രട്ടറി പ്രദീപ് എന്നിവർ പറഞ്ഞു

--------------------

തമിഴ് രാജാക്കന്മാർ കേരളം ഭരിച്ചിരുന്ന സംഘ കാലഘട്ടത്തിൽ കൃഷിക്കും ജലസേചനത്തിനും അവർ നൽകിയ പ്രാധാന്യത്തിന്റെ ശേഷിപ്പുകളാണ് ഇപ്പോൾ കണ്ടെത്തിയ തൂമ്പ്

ഒ.എസ് ഉണ്ണികൃഷ്ണൻ

കവി