മാരാമൺ : ജാതിചിന്തകളും വിവേചനങ്ങളും സഭയ്ക്കുള്ളിൽ നിന്ന് മാറ്റണമെന്ന്
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി റവ.ഡോ.അസിർ എബനേസർ.
മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ആനുകാലിക സാമൂഹിക പശ്ചാത്തലത്തിൽ ഉറച്ച നിലപാടുകൾ സധൈര്യം സ്വീകരിക്കാൻ സഭകൾ തയാറാകണമെന്നും അസിർ എബനേസർ പറഞ്ഞു. വിവേചനങ്ങൾ അവസാനിപ്പിക്കാൻ സഭ മുന്നിട്ടിറങ്ങണം. എല്ലാവിവേചനങ്ങളും ജീവിതങ്ങളെ തകർക്കുന്നതാണ്. വെല്ലുവിളികൾ നേരിടുന്നവരെയും സ്ത്രീകളെയും വേദനിക്കുന്നവരെയും ഉൾക്കൊള്ളുന്ന ഇടമാണ് എന്ന പ്രഖ്യാപനത്തിലേക്ക് നയിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ക്രിസ്തുവിന്റെ മാതൃകയിൽ സഭ വേദനിക്കുന്നവരുടെയിടയിലേക്കിറങ്ങണം. ക്രിസ്തു ആരെയും മാറ്റിനിറുത്തിയില്ല. നല്ല ഫലം കായ്ക്കുന്ന വൃക്ഷമെങ്കിൽ അതിനു നിരവധി കല്ലുകളും സ്വീകരിക്കേണ്ടിവരും. ദൗത്യമെന്തെന്നും തിരിച്ചറിഞ്ഞ് മാറ്റിനിറുത്തിയവരെ ഒപ്പം നിറുത്തി പന്തിഭോജനം നടത്താൻ ക്രിസ്തു തയാറായി.
വെല്ലുവിളികളെ സധൈര്യം നേരിട്ട ക്രിസ്തുവിലുള്ള ധൈര്യം പൂണ്ട മനുഷ്യൻ ദൈവസ്വഭാവത്തോടു ചേർന്നു നിൽക്കേണ്ടവനാണ്. ഇങ്ങനെയുള്ള മനുഷ്യൻ വെല്ലുവിളികൾ ഏറ്റെടുത്തേ മതിയാകൂ. ക്രിസ്തുവിലൂടെ തോമസ് അപ്പോസ്‌തോലൻ പ്രഖ്യാപിച്ച വിശ്വാസം ധൈര്യത്തിന്റേതാണ്. പിന്നാലെ വെല്ലുവിളികൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളിലും അതിനെ സധൈര്യം ഏറ്റെടുക്കുവാൻ തോമസ് തയാറായി.
പാപികളോടും ചുങ്കക്കാരോടും ഒപ്പമുള്ള ക്രിസ്തുവിന്റെ സഹവാസം യഹൂദ പ്രമാണികൾക്കിടയിൽ ഏറെ എതിർപ്പുകൾക്ക് വഴിയൊരുക്കി. എന്നാൽ ഇങ്ങനെയുള്ളവർക്ക് ഒപ്പമുള്ള സഹവാസം ക്രിസ്തു മുമ്പോട്ടുവച്ച തന്റെ നിലപാടിന്റെ അടയാളപ്പെടുത്തലാണ്. വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തു സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരോട് ഒപ്പം നിൽക്കാനും ക്രിസ്തു തയാറായി. സാമൂഹിക പരിസരങ്ങളിൽ ഉറച്ച നിലപാടുകൾ സധൈര്യം സ്വീകരിക്കുവാൻ തോമസ് അപ്പോസ്‌തോലന്റെ പാരമ്പര്യം പിൻപറ്റുന്ന വിശ്വാസസമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.