തിരുവല്ല: അവശനിലയിൽ കണ്ടെത്തിയ വള്ളിപ്പുലിയെ തിരുവല്ല നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. കാവുംഭാഗം ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് വള്ളിപ്പുലിയെ കണ്ടത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരെ കണ്ടിട്ടും ഓടിപ്പോകാൻ കഴിയാത്തവിധം അവശതയിലായിരുന്നു . തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ വല ഉപയോഗിച്ച് വള്ളിപ്പുലിയെ കുടുക്കുകയായിരുന്നു. റാന്നിയിൽ നിന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് സംഘമെത്തി വള്ളിപ്പുലിയെ ഏറ്റുവാങ്ങി. പരിക്ക് പരിശോധിച്ചശേഷം വനത്തിൽ തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.