മന്ത്രിയുടെ പ്രതികരണം എം.പിയടക്കം പങ്കെടുത്ത വേദിയിൽ
ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നഗരസഭാദ്ധ്യക്ഷയും, ഭരണസമിതിയും സഹകരിക്കണമെന്ന് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പുതിയ യൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൊടിക്കുന്നിൽ സുരേഷ് എം.പി.യടക്കം പങ്കെടുത്ത വേദിയിൽ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിനോടാണ് മന്ത്രി ആവശ്യമുന്നയിച്ചത്. വരട്ടാർ പുനരുജ്ജീവ പ്രവർത്തനങ്ങൾ മുന്നോട്ടു പോകണം. ആറ് ഒഴുകിയില്ലെങ്കിൽ പിന്നെ മംഗലം, ഇടനാട് പ്രദേശങ്ങൾക്കു ഭാവിയുണ്ടാകില്ല. മൂന്നു മീറ്റർ താഴ്ത്തി പ്രളയശേഷം അടിഞ്ഞുകൂടിയ ഏക്കലും, മണ്ണുമാണ് നീക്കം ചെയ്യുന്നത്. റോയൽറ്റി എന്ന നഗരസഭയുടെ ആവശ്യം ന്യായമാണ്. നിലവിൽ പണി ചെയ്യുന്നത് ഇറിഗേഷൻ വകുപ്പാണെങ്കിലും പണം പോകുന്നത് റവന്യു വകുപ്പിലേക്കാണ്. സുതാര്യമായ സംവിധാനമാണ് സർക്കാർ നടപ്പാക്കുന്നത്.
സർക്കാർ പദ്ധതികൾക്ക് തടസം സൃഷ്ടിച്ചു നഗരസഭ വികസനത്തിനു എതിരു നിൽക്കുകയാണ്. സമ്പൂർണ കുടിവെള്ളവിതരണ പദ്ധതിയിൽ ചെങ്ങന്നൂരിലെ വീടുകളിൽ കുടിവെള്ള കണക്ഷനുള്ള സംവിധാനമൊരുക്കുകയാണ്. റോഡ് പൊട്ടിച്ചു പൈപ്പു സ്ഥാപിക്കുന്നതിനെതിരെയും നഗരസഭ പരാതി കൊടുത്തിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെടുത്തിയത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ വിഷയത്തിൽ ഇടപ്പെടണമെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി.യോടും ആവശ്യപ്പെടുകയാണ്. മന്ത്രിയെന്ന നിലയിൽ രാഷ്ട്രീയം നോക്കിയല്ല പ്രവർത്തിക്കുന്നത്. വികസനത്തിനായി ഏറ്റവുമധികം പണം ചെലവഴിച്ചത് നഗരസഭ പരിധിക്കുള്ളിലാണ്. നഗരസഭ യു.ഡി.എഫ് ഭരിക്കുമ്പോഴും എം.എൽ.എ എന്ന നിലയിൽ വികസനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് മറുപടി പ്രസംഗത്തിൽ പ്രതികരിച്ചു. വികസനത്തിനു ഒരിക്കലും തടസ്സം നിന്നിട്ടില്ല. നഗരസഭയുടെ 27 വാർഡുകളിലും റോഡ് പൊളിച്ചു പൈപ്പ് കണക്ഷനിടുന്നുണ്ട്. പൊതുമരാമത്ത് റോഡുകൾക്ക് മാത്രമാണ് പിന്നീട് പുനർ നിർമ്മിക്കാനുള്ള തുക നൽകുന്നത്. നഗരസഭാ റോഡുകൾക്കും തുക നൽകണമെന്നു ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നു നഗരസഭാദ്ധ്യക്ഷ പറഞ്ഞു.
വേദിയിൽ ഉദ്ഘാടനത്തിനു ശേഷം ആദരിക്കുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ പാലിക്കാതെ തന്നെ അവഗണിച്ചതായി നഗരസഭാദ്ധ്യക്ഷ ആരോപിച്ചു. വിഷയത്തിൽ വേദി വിടാനൊരുങ്ങിയ അദ്ധ്യക്ഷയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും, ആരോഗ്യ പ്രവർത്തകരും ചേർന്നു അനുനയിപ്പിച്ചു തിരികെ കൊണ്ടുവരികയായിരുന്നു. വിരമിച്ച ആശുപത്രി സൂപ്രണ്ടിനെ നഗരസഭാദ്ധ്യക്ഷ പൊന്നാടയണിയിക്കുമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് മറ്റുള്ളവർ നിർവഹിച്ചതിനാൽ വേദി വിടുകയാണെന്നു അറിയിച്ചാണ് അദ്ധ്യക്ഷ മടങ്ങാൻ ശ്രമിച്ചത്.