
തിരുവല്ല: മരംവെട്ടുന്നതിനിടെ മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അസം സ്വദേശിയായ മുഹമ്മദ് ജഹാംഗീറാണ് (37) മരത്തിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക്‌ശേഷം രണ്ടരയോടെ ഇരവിപേരൂർ തടത്തിൽ കോളനിക്ക് സമീപത്തെ സ്വകാര്യ പുരയിടത്തിൽ നിന്ന പ്ലാവ് വെട്ടുന്നതിനിടയിലായിരുന്നു സംഭവം. മരത്തിന്റെ 50 മീറ്ററോളം ഉയരത്തിലാണ് മുഹമ്മദ് കുടുങ്ങിയത്. മുഹമ്മദിന്റെ കൈ ഉൾപ്പടെ പ്രധാന മരത്തിനും കൊമ്പിനും ഇടയിൽ അകപ്പെട്ടു. താഴെനിന്ന സഹായികൾ മുകളിൽ കയറി ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനായില്ല. വേദനകൊണ്ടു പുളഞ്ഞ മുഹമ്മദ് ഇതിനിടെ അർദ്ധ ബോധാവസ്ഥയിലായി. അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മുഹമ്മദിനെ താഴെയെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ, ഫയർ ഓഫീസർ സജി സൈമൺ എന്നിവർ മരത്തിൽ കയറി ചില്ലകൾ വെട്ടിയാണ് വലിയകമ്പ് നീക്കിയത്. സ്റ്റേഷൻ ഓഫീസർ ആർ. ബാബു, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മുഹമ്മദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.