ku

കോന്നി: മലയോരമേഖലയിലെ കർഷകരെ ദുരിതത്തിലാക്കി കുരുമുളകിന്റെ മഞ്ഞളിപ്പ് രോഗംപടരുന്നു. വേനൽ കടുത്തതോടെ മിക്ക കുരുമുളക് തോട്ടങ്ങളിലും ഈ രോഗം വ്യാപിക്കുകയാണ്. ഇലകൾ മഞ്ഞ നിറത്തിലായി ദിവസങ്ങൾക്കുള്ളിൽ ഇലയും കുരുമുളക് തിരിയും പൊഴിയുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് തണ്ടിന്റെ അഗ്രഭാഗം വാടി കുരുമുളക് ചെടി ഉണങ്ങിനശിക്കുകയാണ് . കുരുമുളക് മൂപ്പെത്തും മുൻപുതന്നെ രോഗം ബാധിച്ച് കൃഷി നശിക്കുന്നത് കർഷകന് ഇരുട്ടടിയാകുന്നു. ഫംഗസ് ബാധ മൂലമാണ് മഞ്ഞളിപ്പ് രോഗം ഉണ്ടാകുന്നത്. കുരുമുളക് ചെടികളുടെ ഇല മഞ്ഞ നിറത്തിലാകുന്നതോടെയാണ് മഞ്ഞളിപ്പ് രോഗം എന്ന സാവധാന വാട്ടത്തിന്റെ ആരംഭം. നിമ വിരകളുടെ ആക്രമണവും മഞ്ഞളിപ്പ് രോഗത്തിന് കാരണമാകുന്നുണ്ട്. കലഞ്ഞൂർ, കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളിലെ നിരവധി കർഷകരുടെ കുരുമുളക് കൊടികൾ നശിച്ചു കഴിഞ്ഞു. ഇലകളുടെ മഞ്ഞളിപ്പും ചെറിയ രീതിയിലുള്ള ഇലപൊഴിച്ചിലും തണ്ടിന്റെ അഗ്രഭാഗത്തുള്ള വാട്ടവും രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. കുരുമുളകിന്റെ വിലത്തകർച്ചയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ രോഗബാധയുടെ ആശങ്കയിലാണ് മലയോരമേഖലയിലെ കർഷകർ. ഫംഗസ് ബാധയുണ്ടായി ഇലകളും തണ്ടും മഞ്ഞളിക്കുന്ന ചെടികൾ ഏതാനും മാസങ്ങൾക്കുള്ളിൽ നശിക്കുന്നു.
തുടക്കത്തിൽ രോഗം മനസിലാക്കി പ്രതിരോധനടപടികൾ കൈക്കൊള്ളാൻ സാധാരണ കർഷകർക്ക് കഴിയുന്നില്ല.

------------------

ചെടികളുടെ ഇല മഞ്ഞ നിറത്തിലാകുന്നതോടെയാണ് രോഗത്തിന്റെ തുടക്കം. തുടർന്ന് ഇലകളും തിരികളും പൊഴിഞ്ഞ് കണ്ണികൾ മുറിഞ്ഞുവീഴുന്നു. രോഗബാധ ഒരു ചെടിക്കുണ്ടായാൽ പിന്നെ അത് തോട്ടമാകെ വ്യാപിക്കും.

-------------

മഞ്ഞളിപ്പ്‌ രോഗത്തിൽ നിന്ന് മലയോരമേഖലയിലെ കുരുമുളക് കൃഷിയെ സംരക്ഷിക്കാൻ കൃഷിവകുപ്പ് കുരുമുളകുതോട്ടങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തണം

എം.ടി. ഈപ്പൻ ചെങ്ങറ

കുരുമുളക് കർഷകൻ