
കൊവിഡ് പ്രതിസന്ധി മാറുന്നതോടെ സജീവമാകാൻ കഴിയുമെന്ന് പ്രതീക്ഷ
പത്തനംതിട്ട : കൊവിഡ് പ്രതിസന്ധി പൂർണമായും തകർച്ചയിലാക്കിയ കാറ്ററിംഗ് മേഖല തിരിച്ചുവരവ് കാത്തിരിക്കുകയാണ്. കല്യാണമടക്കമുള്ള ആഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ കാറ്ററിംഗ് ഉടമകളും തൊഴിലാളികളും വലിയ ബുദ്ധിമുട്ടിലായിരുന്നു. കൊവിഡ് രോഗികൾ കുറഞ്ഞെങ്കിലും ജില്ലയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമ്പതിലധികം പേരെ പങ്കെടുപ്പിച്ചുള്ള പരിപാടികൾക്ക് കൊവിഡ് മാനദണ്ഡപ്രകാരം അനുമതിയില്ല. ക്ഷേത്ര ഉത്സവങ്ങളിലും കൺവെൻഷനുകളിലും 1500 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചിട്ടും വിവാഹം പോലെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണത്തിൽ ഇതുവരെ മാറ്റംവന്നിട്ടില്ല. സർക്കാർ സ്ഥാപനങ്ങളും മറ്റ് ഓഫീസുകളുമെല്ലാം സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടും ഈ മേഖലയിൽ ഇതുവരെ ഇളവുകൾ അനുവദിച്ചിട്ടില്ല.
കുടുംബശ്രീയിലുള്ള സ്ത്രീകളടക്കം കാറ്ററിംഗ് മേഖലയിൽ ജോലിചെയ്യുന്നുണ്ട്. അവധി ദിവസങ്ങളിൽ കോളേജ് വിദ്യാർത്ഥികളും ചെലവ് കണ്ടെത്താനായി ജോലി ചെയ്യുന്നുണ്ട്. ജില്ലയിലാകെ ഒരു ലക്ഷത്തിലധികം പേർ തൊഴിലാളികളായുണ്ട്. ഉപയോഗിക്കാൻ കഴിയാതെ നിരവധി പാത്രങ്ങളും സാധനങ്ങളും നശിച്ചുപോയിട്ടുണ്ട് . എങ്കിലും മാറിവരുന്ന സാഹചര്യത്തിൽ ഉടമൾക്ക് പ്രതീക്ഷയുണ്ട്. പഴയതുപോലെ ഇൗ മേഖല സജീവമാകുന്നതും കാത്തിരിക്കുകയാണ് അവർ.
"രണ്ട് വർഷത്തിലധികമായി ഈ മേഖല പ്രതിസന്ധിയിലായിട്ട്. ജി.എസ്.ടി അടക്കം ടാക്സുകൾ കൃത്യമായി അടയ്ക്കണം. സ്ഥിരമായി ജോലിയ്ക്ക് നിൽക്കുന്നവരെ ഉപേക്ഷിക്കാൻ കഴിയില്ല. കഴിയുന്നതുപോലെ എല്ലാവരേയും മുമ്പോട്ട് കൊണ്ടുപോകണം. നിയന്ത്രണങ്ങൾ നീക്കി അഞ്ഞൂറ് പേർക്കെങ്കിലും പങ്കെടുക്കാവുന്ന രീതിയിൽ ക്രമീകരണം വേണം. "
പ്രശാന്ത് ആതിര
ജില്ലാ പ്രസിഡന്റ്
ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ