
കോഴഞ്ചേരി: ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക തനിമയും കോർത്തിണക്കി ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് സമ്മാനിക്കുന്ന ബ്രോഷർ ആറന്മുള വികസന സമിതി പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാറിന് കൈമാറി പ്രകാശനം നിർവഹിച്ചു.ആറൻമുള പാർത്ഥസാരഥി ക്ഷേത്രം മുതൽ തനത് കലയായ മോഹിനിയാട്ടം വരെ കാണാനും പഠിക്കുവാനുള്ള അക്കാദമികളുടെ വിവരങ്ങളും ബ്രോഷറിൽ ഉൾപ്പെടുത്തി. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള വിവിധ ടൂർ പാക്കേജുകളും തയാറാക്കിയിട്ടുണ്ട്. കവയത്രിയായ സുഗതകുമാരി ടീച്ചറിന്റെ തറവാടായ വാഴുവേലിൽ വീടും ആകർഷണമാണ്. ജല ടൂറിസത്തിന് വളരെയേറെ പ്രാധാന്യമുള്ള മേഖലയാണ് ആറന്മുള. പുതിയ തലമുറയ്ക്ക് പമ്പാനദിയെ അറിയാനുള്ള അവസരം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് ആറന്മുള വികസനസമിതി. ആറന്മുളയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ആറന്മുളയെ പൂർണമായും മനസിലാക്കുന്നതിന് അവസരമൊരുക്കുക, തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആർ.രാധാകൃഷ്ണൻ, സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, വികസന സമിതി ഭാരവാഹികളായ സന്തോഷ് കുമാർ, ഗിരീഷ് കുമാർ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.