 
തിരുവല്ല: നാലു പതിറ്റാണ്ടോളം കപ്പൽശാലകളിൽ ജോലിചെയ്ത ശശിധരന്റെ വീട് ഇപ്പോൾ കപ്പലുകളുടെ കൗതുക ലോകമാണ്. വിമാനവാഹിനി കപ്പൽ, ആഴക്കടൽ മത്സ്യബന്ധനകപ്പൽ, മണ്ണുമാന്തി കപ്പൽ, ഓയിൽ ടാങ്കറുകൾ, ഫ്ലോട്ടിംഗ് ക്രെയിൻ, എൽ.എൻ.ജി കപ്പൽ എന്നിങ്ങനെ കടൽ അടക്കിവാഴുന്നയെല്ലാം തിരുവല്ല വളഞ്ഞവട്ടം കുസുമ ഭവനിലെ കാർപോർച്ചിലുണ്ട്. എല്ലാം യഥാർത്ഥ കപ്പലുകളുടെ ചെറുപതിപ്പുകൾ. കാണാൻ മാത്രമല്ല, വില കൊടുത്തു വാങ്ങാനും ആളെത്തുന്നു.
പി.വി.സി ഷീറ്റ്, പൈപ്പ്, മൾട്ടിവുഡ്, പശ, പെയിന്റ്, പാഴ്‌വസ്തുക്കൾ. ഇത്രയുംമതി എഴുപത്തിയൊന്നുകാരനായ ശശിധരന് ഒരു കപ്പലുണ്ടാക്കാൻ. ഒരാഴ്ചകൊണ്ട് ഒരെണ്ണം റെഡിയാവും. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്നു. ഇപ്പോൾ ഭാര്യ കുസുമവും മകൾ സിഞ്ചുവും ചെറുമക്കളായ അമൃതയും ആരാധ്യയുമെല്ലാം കപ്പൽ നിർമ്മാണത്തിൽ പങ്കാളികളാണ്.
കപ്പലിൽ നാലു പതിറ്റാണ്ട്
യുദ്ധക്കപ്പൽ ഉണ്ടാക്കുന്ന മുംബയ് മസഗോൺ ഡോക്കിൽ 22-ാം വയസിൽ ഫയർമാനായപ്പോൾ തുടങ്ങിയതാണ് കപ്പലുമായുള്ള ബന്ധം.എട്ടുവർഷത്തിനുശേഷം ബഹ്‌റിൻ ഷിപ്പ് യാർഡിലും പിന്നീട് സൗദി എയർബേസിലും ജോലി നോക്കി. അതിനുശേഷം 24വർഷം ദുബായ് ഡ്രൈഡോക് വേൾഡിലായിരുന്നു. സീനിയർ ഇൻസ്പെക്ടറായി വിരമിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് മുപ്പതോളം കോഴ്‌സുകൾ പഠിച്ചിട്ടുള്ള ശശിധരൻ നാട്ടിൽ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. അപ്പോഴാണ് കപ്പലുകളുടെ മോഡൽ ആദ്യമായി ഉണ്ടാക്കിയത്. കൊവിഡ് കാലമായതോടെ അത് ഹോബിയായി.