തിരുവല്ല: മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഭരണമികവിനുള്ള അവാർഡ് നേടിയിട്ടുള്ള ഇരവിപേരൂർ പഞ്ചായത്ത് വീണ്ടും പുരസ്‌ക്കാര തിളക്കത്തിൽ. പ്രവർത്തന മികവിനുള്ള ഗ്രാമസ്വരാജ് പുരസ്കാരത്തിൽ ജില്ലാതലത്തിൽ രണ്ടാംസ്ഥാനമാണ് ഇത്തവണ ഇരവിപേരൂർ സ്വന്തമാക്കിയത്. പദ്ധതി ചെലവ് 100 ശതമാനം നടപ്പാക്കിയതാണ് പഞ്ചായത്തിന്റെ പ്രധാന നേട്ടം. കൊവിഡിനിടയിലും കരം 91 ശതമാനം സമാഹരിക്കാൻ കഴിഞ്ഞതും നേട്ടമായി. പ്ലാസ്റ്റിക് നിർമ്മാർജന പദ്ധതിയിലൂടെ 4 ലക്ഷം രൂപ വരുമാനം ഉണ്ടാക്കാനും കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊടിച്ച് റോഡ് ടാറിംഗിനായി പൊതുമരാമത്തിനും മറ്റും നൽകിയാണ് വരുമാനം ലഭിച്ചത്. വനിതാ വികസന പദ്ധതികളിൽ ആവി കഫേ, ഇരവിപേരൂർ റൈസ് യൂണിറ്റ്, എൽ.ഇ.ഡി ബൾബ് നിർമ്മാണം തുടങ്ങിയ ഒട്ടേറെ സംരംഭങ്ങൾ തുടങ്ങാനും കഴിഞ്ഞു. കാർഷിക മേഖലയിലും നൂതനമായ ആശയങ്ങൾ നടപ്പാക്കി തരിശുപാടങ്ങൾ കൃഷി ചെയ്യുകയും തോടുകളുടെ നവീകരണം ഉൾപ്പെടെ നടപ്പാക്കുകയും ചെയ്തു. ശുചിത്വ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുരസ്കാരം നേട്ടം പ്രചോദനമാകും. മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളും നേട്ടം കൈവരിക്കാൻ സഹായകമായി. പഞ്ചായത്ത് സമിതി ഒന്നടങ്കവും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനങ്ങളും മികവിന് സഹായിച്ചു.