nregs
നെടുമ്പ്രം പഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തികളുമായി തൊഴിലുറപ്പ് തൊഴിലാളികൾ

തിരുവല്ല: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരത്തിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാമതെത്തി നെടുമ്പ്രം പഞ്ചായത്ത് മികവ് തെളിയിച്ചു. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് കുറഞ്ഞ വിസ്തീർണവും കൂടിയ ജനസാന്ദ്രതയുമുള്ള നെടുമ്പ്രം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് നേട്ടം സ്വന്തമാക്കിയത്. സജീവ തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളിൽ 75.56 കുടുംബങ്ങൾക്കും തൊഴിൽ നൽകാൻ പഞ്ചായത്തിന് സാധിച്ചു. പ്രതീക്ഷിത ലേബർ ബഡ്‌ജറ്റിന്റെ അടിസ്ഥാനത്തിൽ 138.31 ശതമാനം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. ഒരു കുടുംബത്തിന് ശരാശരി 78.30 ശതമാനം തൊഴിൽ ദിനങ്ങൾ നേടികൊടുത്തു. തൊഴിൽ കാർഡ് ലഭിച്ച എസ്.സി, എസ്‌.ടി കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി 54.14 ശതമാനം തൊഴിൽ നൽകി. പഞ്ചായത്ത് പരിധിയിലെ ആകെ തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ അടിസ്ഥാനത്തിൽ 52.13 ശതമാനം കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ കൊടുത്തു. കഴിഞ്ഞ വർഷത്തിൽ ആരംഭിച്ച 99.89 ശതമാനം പ്രവർത്തികളും പൂർത്തീകരിച്ചു. അങ്കണവാടി കെട്ടിട നിർമ്മാണം, എല്ലാവാർഡിലും ഹരിതകർമ്മ സേനയ്ക്കുള്ള മിനി എം.സി.എഫ് നിർമ്മാണം, ഗ്രാമീണറോഡുകൾ, കയർഭൂവസ്ത്രം ഉപയോഗിച്ചുള്ള മണ്ണ് ജലസംരക്ഷണ പ്രവർത്തികൾ, സുഭിക്ഷ കേരളം-ശുചിത്വ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ, ജീവനോപാധിക്കായി വ്യക്തിഗത ആനുകൂല്യങ്ങൾ എന്നീ മേഖലകളിൽ പഞ്ചായത്തിന് നൽകാനായി.
തൊഴിലുറപ്പ് മേഖലയിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, പഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക് ജീവനക്കാർ, മുൻപഞ്ചായത്ത് ഭരണസമിതിയടക്കമുള്ള എല്ലാ അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് മികവാർന്ന ഈ നേട്ടത്തിന് പിന്നിലെന്നും തുടർന്നും വിജയം കൈവരിക്കാനുള്ള പരിശ്രമം തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി പറഞ്ഞു.

അവാർഡ് ഇന്ന് ഏറ്റുവാങ്ങും
തിരുവല്ല: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ലഭിച്ച മഹാത്മാ പുരസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും നെടുമ്പ്രം പഞ്ചായത്ത് ഭരണസമിതി ഏറ്റുവാങ്ങും.