1
പൊളിച്ച്മാറ്റുന്ന പഴയ സി എച്ച് സി കെട്ടിടം

മല്ലപ്പളളി : എഴുമറ്റൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നബാർഡ് ആർ.ഐ.ഡി എഫ് വഴി 8കോടി രൂപ അനുവദിച്ചതായി അ ഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. നിലവിലുള്ള നാല് പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് ലേലം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ സർവേ റിപ്പോർട്ട് 2,07735 രൂപയും തീരുമാനിച്ചിട്ടുണ്ട്. എഴുമറ്റൂർ സി.എച്ച്.എസിക്ക് കെട്ടിടം നിർമ്മിക്കാൻ നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റാനുണ്ടായ സാങ്കേതിക തടസം മൂലം പദ്ധതി നടക്കാതെ പോവുകയായിരുന്നു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആയപ്പോൾ നാട്ടുകാർ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് എം.എൽ.എ സ്ഥലം നേരിട്ട് സന്ദർശിക്കുകയും പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു. പിന്നീട് നിരന്തര ഇടപെടലുകൾ ഉണ്ടായതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചു മാറ്റാൻ നടപടിയായത്. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടത്തിന്റെ ആവശ്യം എം.എൽ.എ മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 8കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി നബാർഡിന് നൽകിയത്. ഇതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മൂന്നു നിലകളായി പണിയുന്ന കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 584.81 ച.മീ വിസ്തീർണം ഉണ്ടായിരിക്കും. ലോബി, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഒബ്സർവേഷൻ മുറി, മൂന്ന് കൺസൾട്ടിംഗ് മുറികൾ, നേഴ്സുമാരുടെ മുറി, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, സ്റ്റോർ , ടോയ്‌ലറ്റുകൾ, കുട്ടികളെ മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ് ,ലിഫ്റ്റ് കോൺഫ്രൻസ് ഹാൾ, ഓഫീസ് മുറി എന്നിവ ഉൾപ്പെടെ ഉണ്ടാകും.