പന്തളം: കൊവിഡ് കാലത്തും തളരാതെയുള്ള മാലിന്യ ശേഖരണ, സംസ്‌കരണ പ്രവർത്തനംകൊണ്ട് ശ്രദ്ധേയമായ തുമ്പമൺ പഞ്ചായത്ത് പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്തി. ഓഫീസ് സംവിധാനം, ഫയലുകൾ തീർപ്പാക്കൽ, നികുതി ശേഖരണം, ബോധവത്ക്കരണം തുടങ്ങി എല്ലാ മേഖലകളിലും തുമ്പമൺ മുന്നിലാണ്. കൊവിഡ് തുടങ്ങിയ കാലം മുതൽ വാട്‌സ് ആപ്പുകൊണ്ട് എങ്ങനെ ശുചീകരണം നടത്താം എന്നത് തുമ്പമണ്ണിന്റെ കണ്ടുപിടിത്തമായിരുന്നു. കഴിഞ്ഞവർഷം ജില്ലയിലെ ഒന്നാം നമ്പർ ശുചിത്വ പഞ്ചായത്തെന്ന പദവി ലഭിക്കാനും ഇത് കാരണമായിരുന്നു. കൊവിഡ് കാലത്ത് എല്ലാ മേഖലകളും ഓൺലൈനായപ്പോൾ തുമ്പമൺ പഞ്ചായത്ത് പ്രധാനമായും ഓൺലൈനായത് ശുചിത്വത്തിലായിരുന്നു. വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങാതായതോടെ ശുചീകരണം താളം തെറ്റാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇവർക്ക് കഴിഞ്ഞു. വാട്ട്‌സ് ആപ് ഗ്രൂപ്പുകൾ തുടങ്ങി. ഓരോ വീടുകളിലും അജൈവമാലിന്യം വൃത്തിയാക്കി വച്ച ശേഷം വീട്ടുകാർ അതിന്റെ ഫോട്ടോ വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ഹരിതകർമ്മസേനാംഗങ്ങളെ അറിയിച്ചു. ഇവർ സുരക്ഷാ ഉപാധികളോടുകൂടിയെത്തി മാലിന്യം ശേഖരിച്ചു.അജൈവ മാലിന്യ സംസ്‌കരണത്തിന് കേരളത്തിന് തന്നെ മാതൃകയാകുകയായിരുന്നു തുമ്പമൺ. ഹരിതകേരള മിഷൻ, ക്ലീൻ കേരളാ കമ്പനി, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർ ചേർന്നാണ് തുമ്പമണിലെ ശുചിത്വ പ്രവർത്തനം. ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഹരിതകർമസേനാംഗങ്ങളാണ്. പൊതുസ്ഥലങ്ങളിലും ചന്തകളിലും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് തുമ്പൂർമൂഴി ജൈവ മാലിന്യസംസ്‌കരണ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്. ശുചിത്വമിഷന്റെ സഹായവും തുമ്പമണ്ണിന്റെ പ്രവർത്തനങ്ങളിൽ പ്രധാനമാണ്.