പ്രമാടം : പ്രമാടം പഞ്ചായത്തിലെ തെങ്ങുംകാവിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം
രൂക്ഷമാകുന്നു. കനാൽ റോഡരുകിലാണ് ഇവ കൂട്ടത്തോടെ താവളം ഉറപ്പിച്ചിരിക്കുന്നത്. വാഹനങ്ങൾക്ക് പിന്നാലെ കുരച്ച് ചാടുന്ന നായ്കൾ കാൽനടയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. അടുത്തിടെ നിരവധി ആളുകൾക്ക് നായ്കളുടെ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ആക്രമണ ഭീഷണി ഉയർത്തി നായ്കൾ സ്വൈര്യവിഹാരം നടത്തിയിട്ടും ഇവയെ ഉൻമൂലനം ചെയ്യാൻ അധികൃതർ തയാറാകുന്നില്ല. നേരത്തെ അലഞ്ഞു നടക്കുന്ന നായ്കളെ പിടികൂടി വന്ധീകരണം ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും ഇപ്പോൾ നടപടിയില്ല. നായ്കളെ പാർപ്പിക്കാൻ ഷെൽറ്ററുകൾ പണിയുന്ന കാര്യവും നേരത്തെ പഞ്ചായത്ത് പരിഗണിച്ചിരുന്നു. കൊച്ചുകുട്ടികൾക്ക് ഉൾപ്പെടെയാണ് നായ്കളുടെ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നത്. ഇതുമൂലം കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും ഒറ്റയ്ക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് പേടിയാണ്. മുതിർന്നവരുടെ സംരക്ഷണയിലാണ് കുട്ടികളെ വിദ്യാലയത്തിൽ കൊണ്ടുവിടുന്നതും മടക്കി കൊണ്ടുവരുന്നതും. കല്ലും വടിയും കൊണ്ടാണ് നാട്ടുകാർ നായ്കളെ പ്രതിരോധിക്കുന്നത്.
വളർത്തുമൃഗങ്ങൾക്കു നേരെയും ആക്രമണം
വളത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. പറമ്പിൽ കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ അടുത്തിടെ കടിച്ചുകീറിയിരുന്നു. രക്ഷിക്കാൻ ശ്രമിച്ചവർക്കും നായ്ക്കളുടെ കടിയേറ്റു. പ്രദേശത്തെ കോഴി, താറാവ് തുടങ്ങിയവയെ ഇവ വ്യാപകമായ ഭക്ഷണമാക്കുന്നുണ്ട്. ഇരുളിന്റെ മറവിൽ പ്രദേശത്ത് ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളുന്നതാണ് നായ ശല്യം വർദ്ധിക്കാൻ കാരണം. ജനങ്ങളുടെയും വളർത്തു ജീവികളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുന്ന തെരുവുനായ്കളെ ഉൻമൂലനം ചെയ്യാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.