1
മണിമലയാറ്റിൽ കുഴിപ്പുഴ പടവുകൾ ചെളിയാൽ മൂടിക്കിടക്കുന്നു

മല്ലപ്പള്ളി : പ്രളയത്തിൽ മണിമലയാറ്റിലെ കടവുകളിൽ അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പാറക്കടവ്, വടക്കൻ കടവ് , കുഴിപ്പുഴ, വടക്കേടത്ത് ,മുണ്ടോലി, കാവനാൽ കടവ്, പുളിഞ്ചുവടവ്, അയിരേടത്ത്, ചന്തക്കടവ്, പരിയാരം എന്നീ കടവുകളിൽ എല്ലാം ചെളിമണ്ണ് അടിഞ്ഞുകൂടിയിരിക്കുകയാണ്. നദിയിലേക്ക് ഇറങ്ങുന്നതിന് നിർമ്മിച്ചിട്ടുള്ള പടിക്കെട്ടുകൾ കാണാൻ കഴിയാത്ത വിധമാണ് ചെളി അടിഞ്ഞുകൂടിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പുണ്ടായ ജലപ്രളയത്തിൽ ഒഴുകിയെത്തിയവയാണിത്. വേനൽ കടുത്തതോടെ മലയോര പ്രദേശത്തു നിന്നും മറ്റിടങ്ങളിൽ നിന്നുള്ളവരും കുളിക്കുന്നതിനും തുണിയലക്കുന്നതിനും ആശ്രയിക്കുന്ന കടവുകളാണേറയും. ചിലയിടങ്ങളിൽ പടവുകളിൽ നിന്നും ജലനിരപ്പ് താഴ്ന്നതിനാൽ നദിയിലേക്ക് ഇറങ്ങുന്നതിന് ബുദ്ധിമുട്ടാണ്. തെന്നി വീണ് അപകടം ഉണ്ടാകാനും സാദ്ധ്യത ഏറെയാണ്.

കോട്ടാങ്ങൽ, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ സ്ഥിതി വ്യത്യസ്ഥമല്ല. മല്ലപ്പള്ളി പഞ്ചായത്തിലെ ചീരാ കടവിലെ പടിക്കെട്ടുകൾ വർഷങ്ങൾക്ക് മുമ്പ് ഇടിഞ്ഞു വീണിട്ടും അതിലെ കരിങ്കല്ലുകൾ നീക്കം ചെയ്യാനോ അധികൃതർ ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും പുറമറ്റം കല്ലൂപ്പാറ പഞ്ചായത്തുകളിലെ ചെല കടവുകളിൽ അടിഞ്ഞുകൂടിയിരുന്ന ചെളിയും മാലിന്യവും ഒരു വർഷം മുമ്പ് നീക്കം ചെയ്തിരുന്നു. എന്നാൽ പൂർണമായി മാറ്രിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. നദിയുടെ തീരപ്രദേശങ്ങൾ ഇടിയുന്നതും പതിവാണ്. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ചെളി നീക്കം ചെയ്യുന്നതിനോ, തീരം സംരക്ഷിക്കുന്നതിനോ, മൺപുറ്റുകൾ നികത്തുന്നതിനോ നാളിതു വരെയായി നടപടിയായിട്ടില്ല.

........................

കടവുകൾ സംരക്ഷിച്ച് ജനങ്ങൾക്ക് പ്രയോജനകരമാക്കാൻ നടപടി എടുക്കണം. കുളിക്കാനും മറ്റു ഉപയോഗങ്ങൾക്കും നദിയിലെ വെള്ളമാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ഇതിന് അടിയന്തരമായി പരിഹാരം ഉണ്ടാകണം.

(നാട്ടുകാർ)