k

പത്തനതിട്ട: ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അഭാവത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രതിസന്ധിയിലായി. സർവീസുകൾ കൃത്യമായി നടത്താനാവുന്നില്ല. 28 ഡ്രൈവർമാരുടെയും 20 കണ്ടക്ടർമാരുടെയും ഒഴിവുകളാണ് നിലവിലുള്ളത്. കൊവിഡ് ഇളവുകൾക്ക് ശേഷം പല ദീർഘദൂര സർവീസുകളും പുനരാരംഭിക്കാനാകാത്തത് ജീവനക്കാരുടെ കുറവുകൊണ്ടാണ്.

ദിവസവും മൂന്നും നാലും ഒാർഡിനറി സർവീസുകൾ നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്.

താത്കാലിക ഡ്രൈവർമാരായി ജോലിചെയ്തിരുന്ന 145 ഓളം പേരെ ഒഴിവാക്കിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഡ്രൈവർ കം കണ്ടക്ടറായി നാലുപേരുള്ളതിൽ എല്ലാവർക്കും പത്തനംതിട്ട-ബംഗളൂരു സൂപ്പർ ഡീലക്സ് ബസിലാണ് ഡ്യൂട്ടി. ഷൺഡിംഗ് വിഭാഗത്തിൽ എട്ടുപേർ മാത്രമാണുള്ളത്.

ജീവനക്കാർ അധികസമയം ഡ്യൂട്ടിയെടുക്കുന്നതുകൊണ്ടാണ് ലാഭകരമായ സർവീസുകൾ മുടങ്ങാതിരിക്കുന്നത്. അവധി ലഭിക്കാത്തതും ജോലിഭാരം വർദ്ധിക്കുന്നതും ജീവനക്കാർക്കിടയിൽ അസംതൃപ്തിക്ക് കാരണമാകുന്നുണ്ട്. ചീഫ് ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടും ജീവനക്കാരെ നിയമിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

ഡിപ്പോ പിന്നിലായി

സർവീസുകൾ കുറച്ചതോടെ വരുമാനത്തിൽ ഡിപ്പോ പിന്നിലായി. ജില്ലയിൽ തിരുവല്ല കഴിഞ്ഞാൽ കൂടുതൽ വരുമാനം ലഭിച്ചിരുന്ന ഡിപ്പോയാണ് പത്തനംതിട്ട. ഡിപ്പോയുടെ വരുമാനത്തിൽ ഒന്നും രണ്ടും സ്ഥാനമുണ്ടായിരുന്ന തിരുനെല്ലി സൂപ്പർഫാസ്റ്റും വഴിക്കടവ് ഫാസ്റ്റും കൊവിഡിന് ശേഷം തുടങ്ങിയിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം ബസുകൾ ഡിപ്പോയ്ക്ക് നഷ്ടമായി. 15 വർഷ കാലാവധി കഴിയാറായ ബസുകളാണ് ഡിപ്പോയിലുള്ളത്.