 
കോന്നി: യു. എസിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസറായി കോന്നി സ്വദേശിയെ തിരഞ്ഞെടുത്തു. കോന്നി പ്ലാവിളയിൽ കുടുംബാംഗവും എസ്.എൻ.ഡി.പി യോഗം 4135 -ാ നമ്പർ ഫിലാഡൽഫിയ ശാഖാ പ്രസിഡന്റുമായ പി.കെ. സോമരാജനെയാണ് ആറ് വർഷത്തേക്ക് ഫിലാഡൽഫിയ അപ്പർഡർബി നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസറായി തിരഞ്ഞെടുത്തത്. യു. എസിൽ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് സോമരാജൻ. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി അമേരിക്കയിലെ ഫിലാഡൽഫിയയിൽ കുടുംബസമ്മേതം താമസിക്കുന്ന സോമരാജൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ,16 മലയാളി സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം എക്സിക്യൂട്ടീവ് മെമ്പർ, മേള മലയാളി അസോസിയേഷൻ പ്രസിഡന്റ്, കല മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി, പമ്പ മലയാളി അസോസിയേഷൻ എക്സിക്യുട്ടീവ് മെമ്പർ എന്നീ നിലകളിലും യു.എസിൽ സജീവമാണ്.പരേതയായ ഭാസുരാംഗി സോമരാജൻ ഭാര്യയാണ്. മകൻ ശ്രീകാന്ത് സോമരാജൻ. മുൻ കൊല്ലം ഡി. സി. സി. സെക്രട്ടറി പരേതനായ കോന്നിയൂർ ത്യാഗരാജൻ , മുൻ കെ.പി.സി.സി. അംഗം പരേതനായ കോന്നിയൂർ വരദരാജൻ എന്നിവർ സഹോദരന്മാരാണ്. മെഴുവേലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത അനിൽ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ സഹോദരന്മാരുടെ മക്കളാണ്.