പത്തനംതിട്ട: കടമ്മനിട്ട യുണൈറ്റഡ് സ്‌പോർട്‌സ് ക്ലബിന്റെ സുവർണ ജൂബിലി വോളിബോൾ മേള 23 മുതൽ 27വരെ നടക്കും. കേരളത്തിലെ പ്രമുഖ പുരുഷ, വനിതാ ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകിട്ട് നാലിന് കഴിഞ്ഞകാല വോളിബാൾ പ്രതിഭകളെ ആദരിക്കും. മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എം.പി, മുൻ താരങ്ങളായ കെ.സി.ഏലമ്മ, മാണി സി.കാപ്പൻ എം.എൽ.എ, എം.കെ.മാനുവൽ, ഡോറോയ് മാത്യു മുത്തൂറ്റ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. 23 മുതൽ 27വരെയുള്ള വോളിബോൾ മേളയിൽ പാലാ സെന്റ് തോമസ് കോളേജ്, അരുവിത്തുറ സെന്റ് ജോർജ്, പത്തനാപുരം സെന്റ് സ്റ്റീഫൻസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്,യു.എസ്‌.സി കടമ്മനിട്ട ടീമുകൾ പുരുഷ വിഭാഗത്തിലും ചങ്ങനാശേരി അസംപ്ഷൻ കോളേജ്, എം.ജി സർവകലാശാല ടീമുകൾ പുരുഷ വിഭാഗത്തിലും മത്സരിക്കും. വെറ്ററൻസ് മത്സരം 26ന് വൈകുന്നേരം നാലിനു നടക്കും. ജനറൽ കൺവീനർ കടമ്മനിട്ട കരുണാകരൻ, എസ്.രാധാകൃഷ്ണൻ പ്രസാദ്,എസ്.ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.