പത്തനംതിട്ട: കൊവിഡ് മഹാമാരിയെ തുടർന്ന് ജില്ലയിലെ മാറ്റിവച്ച കുടുംബശ്രീ സംഘടന തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. 58 സി.ഡി.എസുകളിൽ 42 സി.ഡി.എസുകൾ പുതുമുഖങ്ങളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പ് നടന്നതെങ്കിലും 45സി.ഡി.എസുകളിൽ എൽ.ഡി.എഫ് പക്ഷക്കാർക്കാണ് വിജയം. കോന്നി, പുറമറ്റം, ആനിക്കാട്, കവിയൂർ, നാരങ്ങാനം പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെട്ടു. വെച്ചൂച്ചിറ നിലനിറുത്തി.

എ.ഡി.എസ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളിൽ നിന്ന് ഒരു സി.ഡി.എസ് അംഗത്തെ തിരഞ്ഞെടുത്തു. വാർഡുകളുടെ എണ്ണത്തിന് തുല്യമായ സി.ഡി.എസ് അംഗങ്ങളിൽ നിന്ന് ചെയർപേഴ്‌സണെയും വൈസ്‌ചെയർപേഴ്‌സണെയും തിരഞ്ഞെടുത്തു.
ബൈലോയിൽ ഉണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ വരണാധികാരികളും ഉപവരണാധികാരികളുമാണ് സി.ഡി.എസ് തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്. 21ന് ചുമതല ഏൽക്കുന്ന പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലായിരിക്കും അടുത്ത മൂന്നു വർഷം കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.