thattukada
കല്ലിശ്ശേരിയിൽ കത്തിനശിച്ച തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം

ചെങ്ങന്നൂർ: എം.സി. റോഡിന് സമീപം കല്ലിശേരിയിൽ തട്ടുകട പ്രവർത്തിച്ചിരുന്ന വാഹനം കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ മറ്റൊരു കടക്കാരൻ അറസ്റ്റിൽ. അങ്ങാടിക്കൽ മുല്ലേത്ത് സതീഷ് ജോർജിന്റെ ഉടമസ്ഥതയിൽ ട്രാവലർ വാഹനത്തിൽ പ്രവർത്തിക്കുന്ന തട്ടുകടയാണു വ്യാഴാഴ്ച അർദ്ധരാത്രിയോടെ തീപിടിച്ച് കത്തി നശിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പത്തനാപുരം കാരമൂട് പുത്തൻവിളയിൽ ഷുക്കൂറിനെ (45) ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ തട്ടുകടയ്ക്കു സമീപം ഫ്രൂട്‌സ് കട നടത്തുന്ന വ്യക്തിയാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെ സതീഷ് കച്ചവടം അവസാനിപ്പിച്ചു മടങ്ങി. വീട്ടിലെത്തിയ ശേഷം കല്ലിശേരിയിലെ സുഹൃത്ത് ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴാണു വിവരമറിയുന്നത്. വാഹനത്തിലെ സോളർപാനലും ബാറ്ററികളും നശിച്ചു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തത്. സമീപത്തായി മാലിന്യത്തിനു തീയിട്ടപ്പോൾ വാഹനത്തിലേക്കു തീ പടർന്നതായാണ് മൊഴി നൽകിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.