ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനത്തിന്റെ മറവിൽ നടക്കുന്നത് വൻ മണൽകൊള്ളണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്ത് വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി തയാറാക്കിയതെങ്കിലും ഇപ്പോൾ നടക്കുന്നത് മണൽകൊള്ളയാണ്. ആദിപമ്പയയിൽ നദിയുടെ അടിത്തട്ടിൽ നിന്നും വലിയ തോതിൽ മണൽ ശേഖരം നൂതനമായ യന്ത്രസംവിധാനം ഉപയോഗിച്ച് ഖനനം ചെയ്യുകയാണ്. ഈ മണൽ വലുപ്പം അനുസരിച്ച് വേർതിരിച്ച് സിംഹഭാഗവും പത്തനംതിട്ട ജില്ലയിലേക്കും മറ്റും കടത്തുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. സുതാര്യത ഇല്ലാതെ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ മണൽകടത്ത് എത്രയും പെട്ടന്ന് നിറുത്തിവയ്ക്കണം. റവന്യൂ, ഇറിഗേഷൻ വകുപ്പും നഗരസഭയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി രക്ഷപെടാൻ നോക്കുമ്പോൾ പ്രദേശവാസികൾ ഭീതിയിലാണ്. ശാസ്ത്രീയ പഠനമോ, ജനാഭിപ്രായമോ മാനിക്കാതെ നടത്തുന്ന മണൽകടത്ത് വരട്ടാറിന്റെ പുനരുജ്ജീവനത്തിന് ഗുണകരമല്ലന്നും, മണൽ കൊള്ളയ്ക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ നിറുത്തിവെച്ചില്ലെങ്കിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.വി ഗോപകുമാർ പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഡോ.ഗീത, ട്രഷറാർ കെ.ജി കർത്ത,മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, വൈസ് പ്രസിഡന്റ് മനുകൃഷ്ണൻ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രോഹിത്ത് പി. കുമാർ, എസ്.വി പ്രസാദ്, വിനോദ്കുമാർ, ഭാസ്‌കരൻ,നാരായണപിള്ള എന്നിവർ പങ്കെടുത്തു.