minister
പട്ടയ വിതരണവുമായി ബന്ധപ്പെട്ട പത്തനംതിട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി അഡ്വ. കെ. രാജന്‍ സംസാരിക്കുന്നു

തിരുവല്ല: ജില്ലയിൽ 240 പട്ടയങ്ങൾ വിതരണത്തിന് തയാറായെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ കാര്യങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 165 ഭൂമി പതിവു പട്ടയവും 75 ലാന്റ് ട്രൈബ്യൂണൽ പട്ടയവുമാണ് വിതരണത്തിന് തയാറായത്. കോഴഞ്ചേരി താലൂക്കിൽ 25, മല്ലപ്പള്ളി 20, അടൂർ25, റാന്നി 35, തിരുവല്ല 30, കോന്നി 30 എന്നിങ്ങനെ ഭൂമി പതിവുപട്ടയം തയാറായിട്ടുണ്ട്. കോഴഞ്ചേരി 8, മല്ലപ്പള്ളി10, അടൂർ 4, റാന്നി10, തിരുവല്ല 26, കോന്നി 15 വീതം ലാന്റ് ട്രൈബ്യൂണൽ പട്ടയവും വിതരണം ചെയ്യും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യു വകുപ്പ് 15,000 പട്ടയങ്ങൾ വിതരണം ചെയ്യും. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് കേരളം മുന്നേറുന്നത്. ചട്ടങ്ങളും നിയമങ്ങളും പാലിച്ച് നിയമപരമായി പട്ടയത്തിന് അർഹരായവർക്ക് അവ നൽകാനുള്ള നടപടികൾ ഊർജിതമാക്കും. റവന്യു വകുപ്പ് ഓഫീസിൽ വരുന്ന പരാതികളും എം.എൽ.എ ഡാഷ് ബോർഡിന്റെ പ്രവർത്തനങ്ങളും കൂട്ടിയോജിപ്പിക്കാനായി പൊതുസംവിധാനം ഒരുക്കും. ജില്ലകളിൽ ആർ.ആർ ഡെപ്യൂട്ടി കളക്ടർക്കായിരിക്കും ചുമതല. പട്ടയവുമായി ബന്ധപ്പെട്ടു വരുന്ന വിഷയങ്ങൾ ഡാഷ് ബോർഡിൽ അയയ്ക്കുകയും, മറ്റുള്ള പരാതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും വേണം. എല്ലാ താലൂക്കുകളിലും ആർ.ഡി.ഒ ഓഫീസുകളിലും ഇതിനായി ഒരു നോഡൽ ഓഫീസർ ഉണ്ടാകും. മേയ് 20നകം റവന്യു ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്തും. അതിന് മുൻപ് ജില്ലാകലോത്സവം സംഘടിപ്പിക്കണം. ജില്ലയിലെ സ്മാർട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ജില്ലയുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എം അലക്സ് പി.തോമസ്, തിരുവല്ല ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുത്തു.