പത്തനംതിട്ട : നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുൻ നഗരസഭാ കൗൺസിലർ കൂടിയായ പൊന്നമ്മ ശശി തിരഞ്ഞെടുക്കപ്പെട്ടു. പൊന്നമ്മ ശശിക്ക് 22 വോട്ടും എതിർസ്ഥാനാർഥി യു.ഡി.എഫിലെ ശാരദയ്ക്ക് 10 വോട്ടുമാണ് ലഭിച്ചത്. 32 അംഗ സി.ഡി.എസ് കമ്മിറ്റിയിൽ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ടീനാ സുനിലിന് 25 വോട്ടും എതിർസ്ഥാനാർത്ഥിക്ക് 7 വോട്ടുമാണ് ലഭിച്ചത്. സി.ഡി.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പത്തനംതിട്ട നഗരത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.അനിൽ കുമാർ, കൗൺസിലർമാരായ കെ.ആർ.അജിത് കുമാർ, പി.കെ.അനീഷ്, ആർ.സാബു, അനില അനിൽ, ലാലി രാജു, സുജ അജി, വിമല ശിവൻ, ശോഭ കെ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇന്ദിരാമണിയമ്മ, ജെറി അലക്സ്, അബ്ദുൾ മനാഫ് തുടങ്ങിയവർ സംസാരിച്ചു.