തെങ്ങമം: പള്ളിക്കൽ പ്രിയദർശിനി കോളനിയിൽ കുടിവെള്ളമെത്തിക്കാൻ പൈപ്പിടാൻ ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് ഫണ്ട് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഫണ്ട് വാങ്ങി പോക്കറ്റിലിട്ടതല്ലാതെ നടപടിയില്ലെന്ന് പരാതി. പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പ്രിയദർശിനി കോളനി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം കിട്ടാതായിട്ട് ആറു വർഷമാകുന്നു. 2017ൽ ജർമ്മൻ ടെക്നോളജി റോഡ് വന്നപ്പോൾ പൈപ്പ് മുറിച്ചതാണ്. പിന്നീട് പണി തുടങ്ങിയ റോഡ് പണി തീരാത്തതിനാൽ ഇതുവരെയും പുതിയ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രിയദർശിനി കോളനിയിൽ പൈപ്പുലൈൻ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമാക്കാമെന്നും എസ്റ്റിമേറ്റെടുത്ത് നൽകാൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ വാട്ടർ അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് വാട്ടർ അതോറിറ്റി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റെടുത്ത് നൽകി. ഇതനുസരിച്ച് 2021 മാർച്ചിൽ 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റു നൽകുകയും ചെയ്തു. എന്നാൽ വേനൽക്കാലമായിട്ടും നടപടിയില്ലാത്തതിനാൽ ശ്രീനാദേവി കുഞ്ഞമ്മ വാട്ടർ അതോറിറ്റി എക്സി. എൻജിനീയറെ സമീപിച്ചപ്പോഴാണ് നിലവിൽ വാട്ടർ അതോറിറ്റിയുടെ എസ്റ്റിമേറ്റ് തുകകൾ കൂടിയിട്ടുണ്ടന്നും കൂടിയ തുകക്കുള്ള എസ്റ്റിമേറ്റ് നൽകി പണമടച്ചാലെ വർക്ക് ചെയ്യു എന്നും അറിഞ്ഞത്. ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിൽ നിന്നും പണമടച്ച പദ്ധതികൾക്കെല്ലാം ഇതു ബാധകമായതിനാൽ എസ്റ്റിമേറ്റുകൾ റിവൈസ് ചെയ്തു പണമടച്ചാൽ കോടികൾ ജില്ലാ പഞ്ചായത്തിന് നഷ്ടമാകാനും ഇത് കാരണമാകും.
ഒന്നിനും സമയമില്ലാതെ വാട്ടർ അതോറിറ്റി
പ്രിയദർശിനി കോളനിയിലെ കടുത്ത കുടിവെള്ളക്ഷാമം കണക്കിലെടുത്തും , ഇവിടെ വെള്ളം ലഭിക്കാത്തതിനാൽ ആറാട്ട് ചിറ കുടിവെള്ള പദ്ധതി തന്നെ ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നതിനാലും പുതുക്കിയ നിരക്കുകൾ അനുസരിച്ച് എസ്റ്റിമേറ്റ് എടുത്തു നൽകിയാൽ അധികമായി വരുന്നതുക എത്രയായാലും അത് നൽകാമെന്ന് ജില്ലാ പഞ്ചായത്തംഗം വാട്ടർ അതോറിറ്റിക്ക് കത്ത് നൽകിയിട്ടും എസ്റ്റിമേറ്റെടുത്ത് നൽകാൻ വാട്ടർ അതോറിറ്റി തയാറാകുന്നില്ല. കൊട്ടയ്ക്കാട്ട് കോളനിയിൽ 15 ലക്ഷം രൂപ പൈപ്പുലൈൻ വലിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടും എസ്റ്റിമേറ്റെടുക്കാൻ വാട്ടർ അതോറിറ്റിക്ക് സമയമില്ല.
....................
കഴിഞ്ഞ ഒരുവർഷമായി ഫണ്ട് അടച്ചിട്ട് വാട്ടർ അതോറിറ്റി ഓഫീസ് കയറിയിറങ്ങുകയാണ്. ഒരുഉത്തരവാദിത്വവും കാണിക്കുന്നില്ല.
ജില്ലാ പഞ്ചായത്തംഗം
(ശ്രീനാദേവി കുഞ്ഞമ്മ)
...............
ഇതുസംബന്ധിച്ച് ഫയൽ പഠിച്ചിട്ടേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ.
എക്സി.എൻജിനീയർ
(വാട്ടർ അതോറിറ്റി പത്തനംതിട്ട)