കോന്നി: അച്ചൻകോവിൽ പ്ലാപ്പള്ളി മലയോര ഹൈവേയ്ക്ക് തണ്ണിത്തോട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് തോമസ് വറുഗീസിന്റെ നാമകരണം നടത്തണമെന്ന തണ്ണിത്തോട് നിവാസികളുടെ ആവശ്യം ശക്തമാകുന്നു. 31വർഷങ്ങൾ തോമസ് വറുഗീസ് തണ്ണിത്തോട് പഞ്ചായത്തിന്റെ ഭരണ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ഇതിൽ 14വർഷങ്ങൾ പഞ്ചായത്ത് അംഗമായും 17വർഷങ്ങൾ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഇടവഴികളും വനവുമായിരുന്ന തണ്ണിത്തോടിന് ഇന്നത്തെ മുഖം നൽകിയതിന് പിന്നിൽ തോമസ് വർഗീസ് നടന്നു തീർത്ത ദൂരങ്ങളുടെ കഥകളുണ്ട്. 16 കിലോമീറ്ററുകൾ വനത്തിലൂടെ തണ്ണിത്തോട്ടിൽ നിന്നും രാത്രിയും പകലും നടന്ന് കോന്നിയിലെത്തി അവിടെനിന്നും കൊല്ലത്തും, തിരുവനന്തപുരത്തേയും സർക്കാർ ഓഫീസുകളിൽ തണ്ണിത്തോടിന്റെ നിവേദനങ്ങളുമായി കയറിയിറങ്ങിയ ചരിത്രം. മുണ്ടൊമുഴയിൽ കല്ലാറിനു കുറുകെ പാലം നിർമ്മിക്കാൻ പ്രധാനമന്ത്രിക്ക് 10001 കത്തുകൾ അയച്ചതും അദ്ദേഹത്തിന്റെ ആശയമായിരുന്നു. അന്ന് നാട് മുഴുവൻ ഒപ്പം നിന്ന് കത്തെഴുതി. ഏറ്റെടുക്കാതെ റോഡിൽ പൊതുമരാമത്ത് വകുപ്പ് പാലം നിർമ്മിക്കുന്നത് ഒരു പക്ഷേ ഇവിടെ ആദ്യമാകാം. 1974ൽ പ്ലാന്റേഷൻ കോർപ്പറേഷൻ റബർ കൃഷിയാരംഭിച്ചതിനു പിന്നിലും അദ്ദേഹത്തിന്റെ പരിശ്രമമായിരുന്നു. പൊലീസ് ഔട്ട് പോസ്റ്റ്, മൃഗാശുപത്രി എന്നിവയും ഈ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് ഉയർന്നു വന്നത്. അച്ചൻകോവിൽ കോന്നി ചിറ്റാർ പ്ലാപ്പള്ളി റോഡിന്റെ സാദ്ധ്യതകൾ ആദ്യമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയത് തോമസ് വർഗീസായിരുന്നു 1982-ൽ അതിനു 31,90000 രൂപയുടെ ഭരണാനുമതിയും ലഭിച്ചു. 1991ൽ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കി.
പ്ലാപ്പള്ളി മലയോര ഹൈവേ: നടപടികൾ വേഗത്തിലാക്കും
തമിഴ്‌നാടും കേരളവും തമ്മിലുള്ള ക്രയവിക്രയങ്ങൾക്കും ടൂറിസം വികസനത്തിനും തീർത്ഥാടനത്തിനും സഹായകരമാവുന്ന അച്ചൻകോവിൽ പ്ലാപ്പള്ളി മലയോര ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ മുടക്കിയാണ് റോഡ് പുനർനിർമിക്കുന്നത്.വനത്തിൽ കൂടി കടന്നു പോകുന്ന അച്ചൻകോവിൽ, കല്ലേലി, തണ്ണിത്തോട് ചിറ്റാർ ഭാഗങ്ങളിലാണ് വനം വകുപ്പ് അനുമതിയോടെ നിർമ്മാണം നടത്തേണ്ടത്. 10 മുതൽ 12 മീറ്റർ വരെ വീതിയിൽ വികസിപ്പിക്കുന്ന റോഡ് (കെ.ആർ.എഫ്.ബി) ചുമതലയിലായിരിക്കും നിർമ്മാണം നടത്തുന്നത്.