അടൂർ : അടൂർ കെ.എസ്. ആർ.ടി.സി ഡിപ്പോയെ നന്നാക്കാൻ എന്താവഴി എന്ന് നാട്ടുകാർ മാത്രമല്ല ചോദിക്കുന്നത്, ജീവനക്കാരും ചോദിച്ചുതുടങ്ങി.ആവശ്യത്തിന് ബസില്ലാത്തതിനാൽ ഗ്രാമീണ സർവീസുകൾ റദ്ദാക്കുകയാണ്. രണ്ട് വീതം സൂപ്പർ ഡീലക്സും, സൂപ്പർ ഫാസ്റ്റും ഉൾപ്പെടെ ഏഴ് ബസുകൾ സർവീസ് നടത്താതെ തുരുമ്പെടുക്കുകയാണ്. ഡിപ്പോയെ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളില്ലാത്തതിനാൽ സബ്ഡിപ്പോയിലേക്ക് തരംതാഴുമെന്ന ആശങ്കയുണ്ട്. ഗതാഗത വകുപ്പ് മന്ത്രിയുടെ ഡിപ്പോ സന്ദർശനം ഫലംകാണുമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റു. 64 ഷെഡ്യൂളുകൾ നടത്തിയ ഡിപ്പോയിൽ ഇന്നത് നാൽപ്പതായി ചുരുങ്ങി. അതിൽതന്നെ ഇന്നലെ അയച്ചത് 35 ഷെഡ്യൂളുകൾ.രാവിലെ 5.30 പുനലൂർ, 6.30 ആയൂർ, 9ന് പരുത്തിപ്പാറ സർവീസുകളാണ് ഇന്നലെ ബസില്ലെന്ന കാരണം പറഞ്ഞ് റദ്ദാക്കിയത്. ഇതിൽ പുനലൂരും ആയൂരും ശരാശരി 13,000ത്തോളം രൂപ വരുമാനം ലഭിച്ചുവരുന്ന സർവീസുകളാണ്. പരുത്തിപ്പാറ സർവീസ് റദ്ദാക്കിയതോടെ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പെരുവഴിയിലായി. മറ്റ് പല ഡിപ്പോകളിൽ അന്തർ സംസ്ഥാന സർവീസുകൾ പുനരാംഭിച്ചിട്ടും മണിപ്പാൽ സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല.ഇതിനുള്ള സൂപ്പർ ഡീലക്സ് ബസുകൾ മലക്കപ്പാറയിലേക്ക് വിനോദസഞ്ചാര ട്രിപ്പ് നടത്തുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയും ഡിപ്പോ അധികൃതരുടെ അനാസ്ഥ കാരണം നടപ്പിലായില്ല. മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകളും വെറുതേ ഡിപ്പോയിൽ കിടക്കുകയാണ്. നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നതിന് നടപടിയില്ലാത്തതാണ് കാരണം. ആവശ്യത്തിന് ജീവനക്കാരെ ചോദിച്ച് വാങ്ങുന്നതിനും നടപടിയില്ല. അടുത്തിടെ അഞ്ച് ഒാർഡിനറി സർവീസുകൾ ഡിപ്പോയ്ക്ക് അനുവദിച്ചിരുന്നു. ഇതിൽ ലഭിച്ചതാകട്ടെ രണ്ടെണ്ണം മാത്രം. ബാക്കി മൂന്നെണ്ണം ചോദിച്ചുവാങ്ങാത്തത് കാരണമാണ് ഗ്രാമീണ സർവീസുകൾ റദ്ദാക്കാണ്ടിവരുന്നത്.
അവലോകന യോഗം ചേരുന്നില്ല
മാസത്തിൽ ഒരുതവണ യൂണിയൻ പ്രതിനിധികളുമായി ഡിപ്പോയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അവലോകനയോഗം ചേരാറുണ്ട്. അടൂരിൽ ഇത്തരമൊരു യോഗം ചേർന്നിട്ട് മാസങ്ങളായി. ഇതുസംബന്ധിച്ച് യൂണിയൻ പ്രതിനിധികൾ കത്തുനൽകിയെങ്കിലും നടപടിയില്ല.
സെക്യൂരിറ്റിയില്ല
രാത്രികാലത്ത് ഡിപ്പോയിൽ സെക്യൂിറ്റി ജീവനക്കാർ ഇല്ലാത്തതിനാൽ സന്ധ്യകഴിഞ്ഞാൽ മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും ശല്യം ഏറെയാണ്.
ആവശ്യമായ ബസുകൾ ചോദിച്ചു വാങ്ങിയും ജീവനക്കാരുടെ കുറവ് നികത്തിയും ജനോപകാരപ്രദമായ ഗ്രാമീണ സർവീസുകൾ പുനരാരംഭിക്കാൻ യൂണിറ്റ് ഒാഫീസർ ഉൾപ്പെടെയുള്ളവർ മുൻകൈ എടുക്കണം.
പ്രശാന്ത് മണ്ണടി, പ്രസിഡന്റ്,
യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യുസി),
ഒാർഡിനറി സർവീസുകളുടെ കുറവ് കാരണം ഉള്ളവർക്ക് തന്നെ ഡ്യൂട്ടി കിട്ടാതെ മടങ്ങിപ്പോകുന്ന അവസ്ഥയാണ്. സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിൽ ഡിപ്പോ അധികൃതർ സമ്പൂർണ പരാജയമാണ്.
രഞ്ജിത്ത്,
യൂണിറ്റ് സെക്രട്ടറി, കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)