തിരുവല്ല: നിർമ്മാണം പൂർത്തിയാക്കിയ ചിറപ്പാട് പാലം തുറന്നുകൊടുത്തു. തിരുമൂലപുരം - വെളിയം കടവ് ചിറപ്പാട് പാലത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് |എം.എൽ.എ നിർവഹിച്ചു. ജീർണാവസ്ഥയിലായതിനെ തുടർന്നാണ് പഴക്കമേറിയ പാലം പൊളിച്ചുനീക്കി പുതിയ പാലം നിർമ്മിച്ചത്. 5മീറ്റർ വീതിയിലും 6മീറ്റർ നീളത്തിലും സംരക്ഷണ ഭിത്തിയോടുകൂടി 11മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35ലക്ഷം രൂപ ചിലവിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷയായി. പൊതുമരാമത്ത് അസി.എക്സി. എൻജിനീയർ എസ്.അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർമാരായ ജോസ് പഴയിടം, ജിജി വട്ടശേരിൽ, രാധാകൃഷ്ണൻ വേണാട്ട്, മുൻ കൗൺസിലർ നാൻസി തോമസ്, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ പി.എസ് കോശി, അസി.എൻജിനീയർ ഷൈല മാത്യു എന്നിവർ പ്രസംഗിച്ചു.