കോന്നി : പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാത വികസനം കരാർ കമ്പനി പ്രതിനിധികളെ കെ.യു.ജനീഷ് കുമാർ എം.എൽ.എ പരസ്യമായി ശാസിച്ചു. കോന്നിയിലെ കെ.എസ്.ടി.പി റോഡ് നിർമ്മാണം സംബന്ധിച്ച പരാതി കേൾക്കാൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി, വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് കോന്നി - പുനലൂർ റീച്ചിന്റെ നിർമ്മാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളെ എം.എൽ.എ ശകാരിച്ചത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്തുമാറ്റുന്ന പച്ചമണ്ണും പാറയും കരാർ കമ്പനി സ്വകാര്യ വ്യക്തികൾക്ക് വിൽക്കുന്നു എന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. ഇത് ഗൗരവമുള്ള പരാതിയാണെന്നും ജില്ലാകളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പത്തുദിവസത്തിനകം റിപ്പോർട്ട് വാങ്ങി കർശന നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കോന്നി ടൗൺ മുതൽ എലിയറയ്ക്കൽ വരെയുള്ള ഭാഗത്ത് റോഡിന് വീതി കുറവാണ് എന്ന പരാതി റവന്യൂ സംഘവും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധിക്കും. കോന്നി പഞ്ചായത്തിലെ ജലനിധി പദ്ധതികളായ ജലധാര, ജലസാഗര, ഇളയാംകുന്ന് എന്നിവയ്ക്ക് റോഡ് നിർമ്മാണം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ 10.81 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെന്നും ഉടൻ പരിഹാരമാകുമെന്നും കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. പ്രധാനടൗൺ ഭാഗങ്ങളിൽ രാത്രികാല നിർമ്മാണത്തിന് മുൻഗണന നൽകണം. ട്രാഫിക്ക് തടസം ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ ഉപയോഗിക്കുകയും പൊലീസിന്റെ സഹായം തേടുകയും ചെയ്യണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫൈസൽ, ആനിസാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി.ഉദയകുമാർ, സിന്ധു സന്തോഷ്, ഡപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, കെ.എസ്.ടി.പി.എക്സിക്യൂട്ടീവ് എൻജിനിയർ വി.കെ.ജാസ്മിൻ, അഡീഷണൽ തഹസീൽദാർ മഞ്ജുഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.