
അടൂർ : ശുദ്ധജല വിതരണപദ്ധതിയുടെ പ്രയോജനം ലഭിക്കാതെ വലയുന്ന അടൂർ നഗരസഭാ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി 6.56 കോടിയുടെ പുതിയ പദ്ധതിക്ക് അനുമതി ലഭിച്ചു. അമൃത് 2 പദ്ധതിയിൽപ്പെടുത്തി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെയാണ് പുതിയ പദ്ധതി ആരംഭിക്കുക എന്ന് നഗരസഭാ ചെയർമാൻ ഡി.സജി അറിയിച്ചു. നഗരസഭയിലെ എല്ലാ വീടുകളിലും എല്ലാ സമയത്തും വെള്ളമെത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ആദ്യഘട്ടത്തിൽ നഗരസഭയിൽ ജലക്ഷാമം നേരിടുന്ന ഉയർന്നപ്രദേശങ്ങളിലെയും പട്ടികജാതി കോളനികളിലേയും വീടുകൾക്കാണ് കുടിവെള്ളമെത്തിക്കുക. തുടർന്ന് മറ്റുപ്രദേശങ്ങളിലും വെള്ളമെത്തിക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഏപ്രിൽ മാസത്തിനുള്ളിൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കും. ഇത് സംബന്ധിച്ച സർവേ 21ന് ആരംഭിക്കുന്നതിന് നഗരസഭാ ചെയർമാൻ ഡി. സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യാറജിമുഹമ്മദ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ അജി പി.വർഗീസ്, റോണി പാണം തുണ്ടിൽ, സിന്ധു തുളസീധരകുറുപ്പ്, ബീനാബാബു, കൗൺസിലർ ശോഭാതോമസ്, നഗരസഭാ സെക്രട്ടറി വി.രാഗിമോൾ, മുനിസിപ്പൽ എൻജിനീയർ എം.റഫീക്, എസ്. ജി.ഒ എം.നിയാസ് അലി എന്നിവർ പ്രസംഗിച്ചു.
പദ്ധതി ഇങ്ങനെ
24 മണിക്കൂറും കുടിവെള്ളം ഉറപ്പുക്കുന്ന പദ്ധതിക്കായി ആദ്യ ഗഡുവായാണ് ഇത്രയും തുക അനുവദിച്ചത്.ആവശ്യമായി വരുന്ന തുക തുടർന്നും ലഭിക്കും.ഇതിൽ 50 ശതമാനം കേന്ദ്രത്തിന്റെയും 30 ശതമാനം സംസ്ഥാന സർക്കാരിന്റേയും 20 ശതമാനം നഗരസഭയുടേയും വിഹിതമായിരിക്കും. ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാൻ ആ മേഖലകളിൽ ആവശ്യമായ കിണർ, പമ്പ് ഹൗസ്, ജലസംഭരണി എന്നിവ നിർമ്മിച്ചാകും ജലവിതരണം ഉറപ്പാക്കുക.
ഉന്നതനിലവാരത്തിലുള്ള പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണം ഉറപ്പാക്കും. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക കൺട്രോൾ സംവിധാനം ഒരുക്കും. എവിടെ ആണെങ്കിലും വെള്ളംലഭിക്കാതെ വന്നാൽ ആ വിവരം കൺട്രോൾ സ്റ്റേഷനിൽ അറിയാൻ കഴിയും.
ഡി. സജി,
ചെയർമാൻ, അടൂർ നഗരസഭ