തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിന് ഇടിമിന്നലേറ്റതുമായി ബന്ധപ്പെട്ട് ചൈതന്യം ഉദ്ധ്വസിക്കുന്ന പൂജാക്രിയകൾ ആരംഭിച്ചു. ധ്വജത്തിൽ നിന്നും വാഹന ചൈതന്യം ദേവനിലേക്ക് ലയിപ്പിക്കുന്ന പൂജകൾ ഇന്നലെ വൈകിട്ട് ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ തുടങ്ങി. ക്ഷേത്ര മേൽശാന്തിമാരായ കെ.ഇ.ഈശ്വരൻ നമ്പൂതിരി, രമേശ് വിഷ്ണു, കീഴ്ശാന്തിമാരായ ജിഷ്ണു വി.പെരിയമന, സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഗണപതിപൂജ,പ്രാസാദ ശുദ്ധി, ധ്വജത്തിങ്കൽ ശുദ്ധിക്രിയകൾ, വാസ്തുബലി എന്നീ പൂജാക്രിയകൾ നടന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിലെ പന്തീരടി പൂജ 7.30ന് നടക്കുകയും 8മുതൽ പഞ്ചവിംശതികലശം, 8ന് ശ്രീവല്ലഭ സ്വാമിക്ക് പഞ്ചഗവ്യവും, പഞ്ചവിംശതി കലശപൂജ, 8.30ന് ഉച്ചപൂജ കലശാഭിഷേകങ്ങൾ എന്നിവ പൂർത്തീകരിക്കും. വാഹനചൈതന്യം ആവാഹിച്ചശേഷം ദേവസ്വം ബോർഡിന്റെ ഉത്തരവ് ലഭിച്ചാലുടൻ തന്നെ ധ്വജത്തിലെ വാഹനവും ദിക്പാല ബിംബങ്ങളും അഴിച്ചുമാറ്റുന്ന നടപടികൾ ആരംഭിക്കും. ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ മുതൽ ഉച്ചവരെയുള്ള പൂജകൾ രാവിലെ 8ന് മുൻപായി പൂർത്തീകരിക്കും. നാളെ രാവിലെ 9 മുതൽ അഷ്ടമംഗല ദേവപ്രശ്നം ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ദേവസ്വം അസി.കമ്മീഷണർ കെ.ആർ ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട് , ക്ഷേത്ര ജീവനക്കാരായ ആർ ശ്രീകുമാർ, എസ്. ശാന്ത്, ഹരിശർമ്മ, ശ്രീജിത്ത്, സുഭാഷ് എന്നിവർ പങ്കെടുത്തു.