പത്തനംതിട്ട : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ പത്തനംതിട്ട നഗരസഭ ഒന്നാം സ്ഥാനത്ത്. ഫെബ്രുവരി 19ലെ കണക്ക് പ്രകാരമാണ് പത്തനംതിട്ട ഒന്നാം സ്ഥാനത്തെത്തിയത്. പദ്ധതി വിഹിതത്തിലെ ജനറൽ വിഭാഗത്തിൽ 98 ശതമാനം തുകയും ചെലവഴിച്ചു കഴിഞ്ഞു.മൊത്തം 7.56 കോടിയിൽ 5.46 കോടി രൂപ ചെലവഴിച്ച് 72.17 ശതമാനമാണ് മൊത്തം പദ്ധതി വിഹിതത്തിൽ പത്തനംതിട്ട നഗരസഭ ചെലവഴിച്ചത്. തൊട്ടടുത്ത സ്ഥാനത്ത് ചാവക്കാട് നഗരസഭയാണ്. പദ്ധതി വിഹിതത്തിൽ ഇനി തുക അനുവദിച്ചാൽ മാത്രമേ ബില്ലുകൾ പാസാക്കാൻ കഴിയുകയുള്ളൂ. സ്പിൽ ഓവർ തുകയായി 1.25 കോടി രൂപ ലഭിക്കാനുണ്ട്. സെൻട്രൽ ഫിനാൻസ് കമ്മീഷൻ ഗ്രാൻഡിന് ഒന്നാം ഗഡു തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയും ഒന്നരക്കോടി രൂപ കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയ്ക്ക് ലഭ്യമായ തുക സമയബന്ധിതമായി ചെലവഴിക്കാൻ ശ്രമം നടത്തിയിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരെയും നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അഭിനന്ദിച്ചു.