k-rail
കെ-റെയിൽ സിൽവർ ലൈൻ സർവ്വേക്ക് ഉദ്യോഗസ്ഥരെത്തിയതിനെ തുടർന്ന് പ്രതിഷേധിക്കുന്ന നാട്ടുകാർ

ചെങ്ങന്നൂർ: വൻ പൊലീസ് സന്നാഹത്തോടെ പുത്തൻകാവ് തുലാക്കുഴിയിൽ കെ-റെയിൽ സിൽവർ ലൈൻ സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ പുത്തൻകാവ് നീർവിളാകം തുലാക്കുഴി ഭാഗത്താണ് ഉദ്യോഗസ്ഥരെത്തിയത്. ഉദ്യോഗസ്ഥ സംഘം വഴിതെറ്റി ആദ്യം എത്തിയത് ഇടനാട്ടിലാണ്. തുട‌ർന്ന് പിരളശേരിയിലും മുളക്കുഴയിലും സർവ്വേ നടത്താൻ ഇവർ ശ്രമിച്ചെങ്കിലും ഒടുവിൽ പുത്തൻകാവിലെത്തുകയായിരുന്നു. സാറ്റലെറ്റും ഡി.ജി.പി.എസ് യന്ത്രവും തമ്മിൽ ബന്ധിപ്പിക്കുന്നതിലെ തകരാർ മൂലം സർവെ തുടങ്ങാനായില്ല. തുടർന്ന് ഉച്ചയോടെ ഉദ്യോഗസ്ഥർ മടങ്ങി. ഇതിനിടെ സംഘടിച്ചെത്തിയ ജനകീയ സമരസമിതി നേതാക്കളും പ്രദേശവാസികളും ഉദ്യോഗസ്ഥരോട് തട്ടിക്കയറി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്നും ചെങ്ങന്നൂർ, മാന്നാർ, വെണ്മണി പൊലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. സംഘർഷമോ കല്ലേറോ ഉണ്ടായാൽ ബലപ്രയോഗത്തിലൂടെ ഇവരെ ഒഴിപ്പിച്ച് സർവേ നടത്തണമെന്ന നിർദ്ദേശവും പൊലീസിന് നൽകിയിരുന്നു.

നാട്ടുകാർ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് മുൻ അംഗം വസന്ത് നീർവിളാകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ പ്രമോദ്, സിന്ധു, ഫിലിപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു. വസന്ത് നീർവിളാകം(പ്രസിഡന്റ്),കെ.സി.സന്തോഷ് കാവും മുക്കത്ത്(കൺവീനർ) സരോജിനി മെയ്ക്കുന്നിൽ(വൈസ് പ്രസിഡന്റ്), മിനി ഷിബു (ട്രഷറർ), ഷീജ പ്രമോദ് (രക്ഷാധികാരി),ഫാ.എബി,ശാന്തിനി സോമൻ, മണിക്കുട്ടൻ, ദിനേശൻ, സുഗതൻ എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് രൂപം കൊടുത്തു.