ചെങ്ങന്നൂർ: ശുചീകരണ തൊഴിലാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ഷിബുരാജൻ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളേയും നഗരസഭ - കോർപ്പറേഷനുകളേയും ഏകീകരിച്ചു തദ്ദേശ സ്വയം ഭരണ പൊതു വകുപ്പ് രൂപീകരിക്കുന്ന സർക്കാർ അതിൽ നിന്ന് ശുചീകരണ തൊഴിലാളികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാ ഓഫീസിനു മുന്നിൽ നടത്തിയ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ശുചീകരണ തൊഴിലാളികളെ മാത്രം ഒഴിവാക്കുന്നത് വിവേചനപരമായ നടപടിയാണ്. പ്രൊമോഷൻ, സ്ഥലംമാറ്റം തുടങ്ങിയ നിരവധിയായ ആനുകൂല്യങ്ങൾ നഷ്ടമാകുന്ന സാഹചര്യത്തിൽ ശുചീകരണ തൊഴിലാളികളെക്കൂടി പൊതു സർവീസിൽ ഉൾപ്പെടുത്തണമെന്നും കെ.ഷിബു രാജൻ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഇ.കെ.സുശീല കുമാരി, എം.ടി സെബാസ്റ്റ്യൻ, സെക്രട്ടറി പി.കെ.അജി, ജോയിന്റ് സെക്രട്ടറിമാരായ എൽ. ലീല, കെ.എ. സെലീന എന്നിവർ പ്രസംഗിച്ചു.