 
പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ആഘോഷിച്ചു. ഉത്സവത്തോടനുബന്ധിച്ചു നടന്ന തിരുവാഭരണച്ചാർത്ത് കണ്ടു തൊഴാനും ഉത്രസദ്യയിൽ പങ്കെടുക്കാനും ആയിരങ്ങളാണു ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 8.30വരെയായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദർശനം.പുലർച്ചെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 7ന് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നു ക്ഷേത്രത്തിലേക്കു തിരുവാഭരണം എഴുന്നെള്ളിച്ചു. തുടർന്നു നവകം, കലശപൂജ, കളഭപൂജ, മരപ്പാണി, നവകാഭിഷേകം, കളഭാഭിഷേകം, മഹാചതുഃശത നിവേദ്യം എന്നിവ നടന്നു. വിശേഷാൽ പൂജകൾക്കു തന്ത്രി കഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.ശാസ്താംപാട്ട്, ഉച്ചപ്പാട്ട്, നാമജപ ലഹരി, കളരിപ്പയറ്റ്, കാഴ്ചശ്രീബലി എഴുന്നെള്ളത്ത്, തിരുമുമ്പിൽ വേലകളി, സോപാന സംഗീതം, മേജർസെറ്റ് പഞ്ചവാദ്യം, ദീപാരാധന, ദീപക്കാഴ്ച, കരിമരുന്നു പ്രയോഗം, ഭജന കളമെഴുത്തും പാട്ടും, ക്ഷേത്രത്തിൽ നിന്നു മണികണ്ഠനാല്ത്തറയിലേക്ക് എഴുന്നെള്ളത്ത്, നായാട്ടുവിളി, തിരിച്ചെഴുന്നെള്ളത്ത്, പ്രസാദ വിതരണം എന്നിവയും നടന്നു.